സംസ്‌ഥാനത്തു ജുഡീഷൽ അടിയന്തരാവസ്‌ഥ: സെബാസ്റ്റ്യൻ പോൾ
സംസ്‌ഥാനത്തു ജുഡീഷൽ അടിയന്തരാവസ്‌ഥ: സെബാസ്റ്റ്യൻ പോൾ
Thursday, July 28, 2016 12:20 PM IST
കൊച്ചി: ജുഡീഷറിയുടെ ഇടനാഴികളിൽ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതു ജുഡീഷൽ അടിയന്തരാവസ്‌ഥയാണെന്നു ഡോ.സെബാസ്റ്റ്യൻപോൾ.

മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള അവകാശവും നിഷേധിക്കുന്നതിനെതിരേ പീപ്പിൾസ് ഇനിഷ്യേറ്റിവ് ഹൈക്കോടതി ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളാണു കോടതിയുടെ ഉടമകൾ.

കോടതിയിൽ എന്തു നടക്കുന്നു എന്നറിയാനുള്ള അധികാരം ജനങ്ങൾക്കുണ്ട്. ജനങ്ങളുടെ പ്രതിനിധികളാണു മാധ്യമപ്രവർത്തകർ. മാധ്യമങ്ങളെ നിയന്ത്രിക്കുക വഴി ജുഡീഷറിയുടെ ഇടനാഴികളിൽ ഇരുട്ടു പരന്നിരിക്കുന്നു. അതു മാറ്റാനുള്ള ജനകീയ പ്രതിരോധത്തിനു തുടക്കം കുറിക്കേണ്ട സമയമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളാ ഹൈക്കോടതിയെയും നിയമ സാക്ഷരതയും കേരളത്തെ ബോധ്യപ്പെടുത്തിയതു മാധ്യമങ്ങളാണ്. മാധ്യമങ്ങൾക്കെതിരേ കോടതി എന്നതാണു കേരളത്തിലെ അവസ്‌ഥ. പ്രശ്നങ്ങൾ രമ്യമായി തീർക്കാനുള്ള അവസരമാണ് ജഡ്ജിമാർ ഇല്ലാതാക്കിയത്. അടച്ചിട്ട കോടതി നിയമവിരുദ്ധമാണ്. കോടതി വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ നിയന്ത്രണം പാടില്ല. അഭിഭാഷകരിൽ ഭൂരിഭാഗവും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നവരാണെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.


അപ്രഖ്യാപിത അടിയന്തരാവസ്‌ഥയുടെ സൂചനകളാണു കോടതിയിൽനിന്നു പുറത്തുവരുന്നതെന്ന് ആമുഖ പ്രസംഗം നടത്തിയ അഡ്വ.സി.പി.ഉദയഭാനു പറഞ്ഞു. ഹൈക്കോടതി കെട്ടിടം അഭിഭാഷകരുടേതു മാത്രമല്ല.

അഭിഭാഷകൻ തെറ്റ് ചെയ്തതു മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ മാത്രമാണോ ധാർമികരോഷം കൊള്ളേണ്ടത്. അറിയാനുള്ള അവകാശം നിയന്ത്രിക്കുന്നതു ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.