റിപ്പോർട്ടിംഗ് തടയുന്നവർക്കെതിരേ നടപടി വേണം: കെയുഡബ്ല്യുജെ
Thursday, July 28, 2016 12:16 PM IST
കൊച്ചി: മാധ്യമ റിപ്പോർട്ടിംഗ് തടയുന്ന അഭിഭാഷകർക്കെതിരേ നടപടി സ്വീകരിക്കാൻ ന്യായാധിപർ തയാറാകണമെന്നു കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് (കെയുഡബ്ല്യുജെ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോടതി റിപ്പോർട്ടിംഗ് വിലക്കാനുള്ള അഭിഭാഷകരുടെ നീക്കം കോടതിയുടെ എല്ലാ നിയമപ്രവർത്തന മാനദണ്ഡങ്ങൾക്കും ഭരണഘടനയ്ക്കും എതിരെയുള്ളതാണ്. കോടതി റിപ്പോർട്ടിംഗ് വിലക്കുന്ന അഭിഭാഷകരെ മാധ്യമപ്രവർത്തക സമൂഹം ബഹിഷ്കരിക്കുമെന്നും എന്നാൽ, കോടതി റിപ്പോർട്ടിംഗിൽനിന്ന് ഒരു തരത്തിലും പിന്മാറില്ലെന്നും ഭാരവാഹികൾ പറഞ്ഞു. കോടതി നടപടികളും വിചാരണയും ഏതു പൗരനും വീക്ഷിക്കാൻ അവകാശമുണ്ട്. മാധ്യമ പ്രവർത്തനം കോടതിയിൽ അനുവദിച്ചിട്ടുള്ളതുമാണ്. ജനങ്ങൾക്കു വേണ്ടിയാണു കോടതിയിൽ മാധ്യമ റിപ്പോർട്ടിംഗ്. ഇതു തടയുന്ന അഭിഭാഷകർക്കെതിരേ നടപടി സ്വീകരിക്കാൻ ന്യായാധിപൻമാർ തയാറാകണം. മാധ്യമ ഉടമകളും എഡിറ്റർമാരും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതു നിർഭാഗ്യകരമാണ്. സംഭവുമായി ബന്ധപ്പെട്ടു കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസിനെ കാണാനുള്ള ശ്രമങ്ങൾ യൂണിയൻ നടത്തുന്നുണ്ട്. എന്നാൽ, ഇതിൽനിന്നു ചീഫ് ജസ്റ്റീസ് ഒഴിഞ്ഞു മാറാനാണു ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഗവർണറും ആക്ടിംഗ് ചീഫ് ജസ്റ്റീസും രാഷ്ട്രീയ നേതൃത്വവും തയാറാകണം. കോടതികളിൽ മാധ്യമങ്ങളെ വിലക്കുന്ന നടപടിക്കെതിരെ സാമൂഹ്യ, രാഷ്ട്രീയ നേതൃത്വം ശക്‌തമായി രംഗത്തിറങ്ങണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.


സംസ്‌ഥാന പ്രസിഡന്റ് പി.എ. അബ്ദുൽ ഗഫൂർ, സെക്രട്ടറി സി. നാരായണൻ, വൈസ് പ്രസിഡന്റ് ആർ. ഗോപകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.