കൃഷി വകുപ്പ് ഡയറക്ടറെ മാറ്റി; വിജിലൻസ് അന്വേഷണവും
Thursday, July 28, 2016 12:16 PM IST
തിരുവനന്തപുരം: പച്ചത്തേങ്ങ സംഭരണം അടക്കമുള്ള ക്രമക്കേടുകളെത്തുടർന്നു കൃഷി വകുപ്പ് ഡയറക്ടർ അശോക് കുമാർ തെക്കനെ മാറ്റി. വിത്തുതേങ്ങ ഇറക്കുമതി, പച്ചത്തേങ്ങ സംഭരണം, നാളികേര വികസന ബോർഡിലെ യന്ത്രങ്ങൾ വാങ്ങൽ തുടങ്ങിയവയിലെ ക്രമക്കേടുകളെക്കുറിച്ചു വിജിലൻസ് അന്വേഷണം ആവശ്യമെന്നു ചൂണ്ടിക്കാട്ടി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ വിജിലൻസിനു ഫയൽ കൈമാറി.

അഡീഷണൽ ഡയറക്ടർ എ.എം സുനിൽകുമാറിനു ഡയറക്ടറുടെ താത്കാലിക ചുമതല നൽകി. അശോക് കുമാർ വഹിച്ചിരുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ സിഇഒ, കേരഫെഡ് മാനേജിങ് ഡയറക്ടർ എന്നിവയുടെ ചുമതല കൃഷി സെക്രട്ടറിക്കു കൈമാറി. കഴിഞ്ഞ സർക്കാരിന്റെ കാലത്തു നാളികേര വികസന കോർപറേഷൻ എംഡി ആയിരിക്കെ അശോക് കുമാർ തെക്കൻ നടത്തിയ ഇടപാടുകളാണ് വിജിലൻസ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച ഫയലുകൾ കഴിഞ്ഞ സർക്കാർ പൂഴ്ത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞവർഷം കേരഫെഡ് പച്ചത്തേങ്ങ സംഭരിച്ചതിൽ വ്യാപക തിരിമറി നടത്തിയെന്നാണു പ്രധാന ആരോപണം.


ഇതിനുപുറമെ നാട്ടിൽ നിന്നു സംഭരിച്ച ഗുണനിലവാരമുള്ള കൊപ്ര മറിച്ചുവിറ്റു പകരം ഇതര സംസ്‌ഥാനങ്ങളിൽനിന്നു ഗുണനിലവാരം കുറഞ്ഞ കൊപ്ര ഇറക്കുമതി ചെയ്തതായും ആരോപണം ഉയർന്നു.

ഗുണനിലവാരം കുറഞ്ഞ വിത്തുതേങ്ങ ഇതര സംസ്‌ഥാനങ്ങളിൽ നിന്നു കൊണ്ടുവന്നതിലും ക്രമക്കേടുണ്ടെന്നാണ് ആരോപണം. ഇക്കാര്യത്തിൽ ധനകാര്യ പരിശോധനാ വിഭാഗം ക്രമക്കേട് കണ്ടെത്തുകയും വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തു.

പിന്നീട് അശോക് കുമാർ തെക്കനെ കൃഷി ഡയറക്ടറായി നിയമിക്കുകയായിരുന്നു. ആരോപണ വിധേയനായ ഡയറക്ടറാണു പിന്നീടു ക്രമക്കേടു സംബന്ധിച്ചു സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.