മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നു രമേശ് ചെന്നിത്തല
മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നു രമേശ് ചെന്നിത്തല
Thursday, July 28, 2016 12:16 PM IST
തിരുവനന്തപുരം: മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങൾ പ്രതികരണം ആരായുമ്പോൾ പിന്നീട് പറയാമെന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയാണെന്നും രമേശ് ആരോപിച്ചു. കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷന്റെ 37–ാം വാർഷിക സമ്മേളനം പാളയം പബ്ലിക് ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങൾ ഇടപെട്ടു പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഫലപ്രദമായ ഒരു അനുരഞ്ജന ശ്രമം പോലും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പോലീസിന്റെ നിഷ്ക്രിയത്വം മൂലമാണ് എറണാകുളത്തും തിരുവനന്തപുരത്തും കോടതി പരിസരത്തു നടന്ന സംഘർഷങ്ങൾ തടയാൻ സാധിക്കാഞ്ഞത്.

ഇടതുമുന്നണി അധികാരത്തിൽ എത്തിയശേഷം സംസ്‌ഥാനത്ത് ആകെ നടക്കുന്നത് സർക്കാർ ഉദ്യോഗസ്‌ഥരുടെ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സ്‌ഥലംമാറ്റം മാത്രമാണ്. സെക്രട്ടേറിയറ്റിൽ മാത്രം 1800 ൽ അധികം ജീവനക്കാരെ സ്‌ഥലം മാറ്റി. പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ ഒരു സർക്കാരും വിദ്യാഭ്യാസ വകുപ്പിൽ കൂട്ട സ്‌ഥലംമാറ്റം നടത്തിയിട്ടില്ല. എന്നാൽ, ഇവയെല്ലാം ലംഘിച്ച് കൂട്ടസ്‌ഥലംമാറ്റമാണ് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളിൽ നടക്കുന്നത്. പോലീസിൽ ഇഷ്‌ടക്കാർക്കു മാത്രമാണു സർക്കാർ നിയമനം നൽകുന്നത്.

മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിക്കു പുതിയ സർക്കാർ വന്നിട്ട് ഇതുവരെ നിയമനം നൽകിയിട്ടില്ല. സംസ്‌ഥാനത്തെ നിരവധി ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്‌ഥർക്കു പുതിയ നിയമനം നൽകാത്തതു മൂലം ശമ്പളം പോലും മുടങ്ങിയിരിക്കുകയാണ്. അഴിമതി ഉടൻ അവസാനിപ്പിക്കുമെന്നു പറഞ്ഞ സർക്കാർ വിജിലൻസിൽ കൂട്ടസ്‌ഥലംമാറ്റം നടത്തിയ ശേഷം പുതിയ ഉദ്യോഗസ്‌ഥരെ ഇതുവരെ നിയമിച്ചിട്ടില്ല. നിർണായക കേസുകളുടെ അന്വേഷണങ്ങൾ പലതും വഴിമുട്ടിയിരിക്കുകയാണ്. ആർക്കെങ്കിലും വേണ്ടി കേസുകൾ അട്ടിമറിക്കാനുള്ള സർക്കാർ ഇടപെടലും തള്ളിക്കളയാനാകില്ലെന്നു രമേശ് ചെന്നിത്തല ആരോപിച്ചു.


പുതിയ സർക്കാരിന്റെ ഭരണം പൂർണപരാജയമാണെന്ന് ഇതിനോടകം വ്യക്‌തമായി. മിക്ക സർക്കാർ വകുപ്പുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ഫയലുകൾ കെട്ടിക്കിടക്കുകയാണ്. യുഡിഎഫ് ഉടൻ തകരുമെന്നത് കോടിയേരി ബാലകൃഷ്ണന്റെ സ്വപ്നം മാത്രമാണ്. ഭരണമുന്നണിയിൽ സിപിഎം – സിപിഐ തർക്കം പരിഹരിക്കാനാണു കോടിയേരി ആദ്യം ശ്രമിക്കേണ്ടത്. ഉദ്യോഗസ്‌ഥരുടെ കൂട്ടസ്‌ഥലംമാറ്റത്തിൽ അടക്കം സിപിഐ ഇടഞ്ഞുനിൽക്കുകയാണ്. സിപിഐ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾ സെക്രട്ടേറിയറ്റിൽ പാർക്കു ചെയ്യുന്നതിനെ സംബന്ധിച്ചു പോലും രൂക്ഷമായ തർക്കമാണ്. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ തകരുന്ന മുന്നണിയല്ല യുഡിഎഫ്. 2006–നു ശേഷം 10 വർഷത്തോളം എൽഡിഎഫ് അധികാരത്തിനു പുറത്തുനിന്നപ്പോൾ ആ മുന്നണി തകരുമെന്ന് യുഡിഎഫ് അന്ന് പറഞ്ഞിട്ടില്ല. ജനങ്ങൾക്കു വലിയ പ്രതീക്ഷ നൽകി അധികാരത്തിൽ എത്തിയ സർക്കാർ ആകെ ശരിയാക്കിയത് വി.എസ്. അച്യുതാനന്ദനെ മാത്രമാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും രൂക്ഷമായ ക്രമസമാധാന തകർച്ചയുമാണ് കേരളത്തിൽ പുതിയ സർക്കാരിന്റെ ആകെയുള്ള സംഭാവനയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് വി.എ. ബിനു അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ വി.എസ്. ശിവകുമാർ, വി.ഡി. സതീശൻ, കെ.എസ്. ശബരീനാഥൻ, എം. വിൻസന്റ്, ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കെ.എ. രാജു തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.