മയക്കുമരുന്ന്–പെൺവാണിഭ സംഘാംഗം പിടിയിൽ
മയക്കുമരുന്ന്–പെൺവാണിഭ സംഘാംഗം പിടിയിൽ
Thursday, July 28, 2016 12:05 PM IST
ആലപ്പുഴ: ഓൺലൈൻ മാർക്കറ്റിംഗ് കമ്പനിയുടെ മറവിൽ മയക്കുമരുന്നു വില്പന നടത്തുകയും പെൺവാണിഭം നടത്തുകയും ചെയ്തിരുന്ന സംഘാംഗം പിടിയിലായി. കേന്ദ്രത്തിൽ നിന്നു മുപ്പതോളം സിറിഞ്ചുകളും നീഡിലുകളും നാല്പതോളം ഉപയോഗിച്ച ബ്രൂഫിനോർഫിൻ ബോട്ടിലുകളും അമ്പതോളം ആംപ്യൂളുകളും പത്തുഗ്രാം കഞ്ചാവും ഗർഭനിരോധന ഉറകളും ഗുളികകളും പിടിച്ചെടുത്തു. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കൊമ്മാടിയിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ പുന്നമട സ്വദേശി ബിനോയിയെ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിംക് സ്പെഷൽ സ്ക്വാഡ് അറസ്റ്റുചെയ്തു. ഇതോടൊപ്പം ഇടപാടുകാരായ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ചുബൈക്കുകളും പിടികൂടി.

ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്‌ഥാപനത്തിൽ നിന്നും മീറ്ററുകൾ ദൂരെയാണ് സ്‌ഥാപനം പ്രവർത്തിച്ചിരുന്നത്. വിദ്യാർഥികൾക്കു സുരക്ഷിതമായി മയക്കുമരുന്ന് എത്തിച്ചു കൊടുക്കുകയെന്ന ഉദ്ദേശത്തോടെയാണു സ്‌ഥാപനം നടത്തിയിരുന്നതെന്നു സംശയിക്കുന്നു. വൻസംഘം തന്നെ ഇതിനു പിറകിലുണ്ടെന്ന സംശയവും അധികൃതർ പ്രകടിപ്പിച്ചു. കേന്ദ്രം പ്രവർത്തിപ്പിച്ചിരുന്ന വീട് വാടകയ്ക്ക് എടുത്തതാണ്. കസ്റ്റമേഴ്സിനു ഒരിഞ്ചക്ഷനു 500 രൂപ നിരക്കിൽ ആവശ്യാനുസരണം നൽകുകയായിരുന്നുവത്രെ. ഓൺലൈൻ കമ്പനിയുടെ ബ്രാഞ്ച് മാനേജരെന്ന നിലയിലാണു ബിനോയ് പ്രവർത്തിച്ചിരുന്നത്.

ആദ്യമായി മയക്കുമരുന്നു ഉപയോഗിക്കുന്നവർക്കു ക്ഷീണമോ തളർച്ചയോ ഉണ്ടായാൽ വീട്ടിൽ വിശ്രമിക്കുന്നതിനും പെൺവാണിഭം നടത്തുന്നതിനും സൗകര്യം ചെയ്തുകൊടുത്തിരുന്നുവെന്നും എക്സൈസ് അധികൃതർ വ്യക്‌തമാക്കി. വീടിന്റെ വിവിധ ഭാഗങ്ങളിലായി രഹസ്യകാമറകളും കണ്ടെത്തി. നിരവധി വിദ്യാർഥി–വിദ്യാർഥിനികൾ ഈ സംഘത്തിന്റെ കെണിയിൽ വീണിട്ടുണ്ടെന്നാണു സംശയം. വിദ്യാർഥി–വിദ്യാർഥിനികളെ ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്നാണ് സൂചന. ഗർഭനിരോധന ഉറകളും ഗുളികകളും കൂടി കണ്ടെത്തിയതിനാൽ ഇവിടെ പെൺകുട്ടികളും എത്തിയിരുന്നതായാണ് പ്രാഥമിക നിഗമനം. വീട്ടിൽ സ്‌ഥാപിച്ചിരുന്ന രഹസ്യകാമറകളും ഹാർഡ് ഡിസ്കും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഓൺലൈൻ വിപണനത്തിനായുള്ള സാമഗ്രികൾ എത്തിക്കുന്നതിനാണെന്ന പേരിൽ പതിനായിരം രൂപയ്ക്കാണ് വീട് വാടകയ്ക്കു എടുത്തിരുന്നത്. ബിനോയിയുടെ പേരിൽ ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡിൽ രണ്ടു മയക്കുമരുന്നു കേസുകളും നിലവിലുണ്ട്. ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ചെയ ചന്ദ്രപാലനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജൻബാബു, പ്രിവന്റീവ് ഓഫീസർമാരായ ടി. പ്രിയലാൽ, പി.സി. ഗിരീഷ്, എ. അക്ബർ, സിവിൽ എക്സൈസ് ഓഫീസർമാരായ എ. അജീബ്, റെനി, അനിലാൽ, റഹിം, വിപിൻ, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.