മാധ്യമപ്രവർത്തകരെ കോടതികളിൽ തടയുന്ന പ്രശ്നത്തിൽ ഗവർണർ ഇടപെടണം: സുധീരൻ
മാധ്യമപ്രവർത്തകരെ കോടതികളിൽ തടയുന്ന പ്രശ്നത്തിൽ ഗവർണർ ഇടപെടണം: സുധീരൻ
Thursday, July 28, 2016 12:36 AM IST
തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്ക് സംബന്ധിച്ച് മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഗവർണർ ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. ഭരണകൂടത്തിന്റെ പരാജയമാണ് ഈ വിഷയം പരിഹരിക്കാൻ കഴിയാത്തതിന് കാരണം. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ആത്മാർഥമായ നടപടികൾ സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാതെ മാറി നിൽക്കുന്നത് ശരിയല്ല. അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ നല്ല ബന്ധം ഉണ്ടാക്കാൻ മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, മുഖ്യ വിവരാവാകാശ കമ്മീഷണർ, മാധ്യമസ്‌ഥാപന പ്രതിനിധികൾ, ബാർ കൗൺസിൽ പ്രതിനിധികൾ എന്നിവരുമായി ഗവർണർ മുൻകൈയെടുത്ത് ചർച്ച നടത്തി പ്രശ്ന പരിഹാരം കാണണം. ഈ ആവശ്യം ഉന്നയിച്ച് ഗവർണർക്ക് കത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ജനാധിപത്യ സംവിധാനത്തിൽ അറിയാനുള്ള അവകാശത്തിന് പ്രാധാന്യമുണ്ട്. അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ നല്ല ബന്ധം ഉണ്ടാക്കണം. മാധ്യമപ്രവർത്തകരുമായി കാര്യങ്ങൾ പങ്കുവയ്ക്കാത്ത മുഖ്യമന്ത്രിയുടെ രീതി ശരിയല്ലെന്നും വി.എം.സുധീരൻ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.