ജാഗ്രതയും പ്രാർഥനയും വേണം: മാർ ജോർജ് ആലഞ്ചേരി
ജാഗ്രതയും പ്രാർഥനയും വേണം:  മാർ ജോർജ് ആലഞ്ചേരി
Wednesday, July 27, 2016 2:10 PM IST
കൊച്ചി: ഏതാനും നാളുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ആശങ്കയുണർത്തുന്നതാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കഴിഞ്ഞ ദിവസം വടക്കൻ ഫ്രാൻസിലെ ദേവാലയത്തിൽ ദിവ്യബലിയർപ്പിച്ചുകൊണ്ടിരുന്ന വൈദികൻ ഫാ. ഷാക് ഹാമൽ മൃഗീയമായി കൊല്ലപ്പെട്ട സംഭവം ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അടുത്തകാലത്തു ഫ്രാൻസിൽത്തന്നെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.

യെമനിലെ ഏഡനിൽ പൗരോഹിത്യശുശ്രൂഷയിലായിരുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ തിരോധാനം സംഭവിച്ചിട്ട് അഞ്ചു മാസമാവുന്നു. ഇദ്ദേഹത്തെക്കുറിച്ചു വ്യക്‌തമായ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നത് ഉത്കണ്ഠ ഉളവാക്കുന്നു. ഈ അവസരത്തിൽ തന്നെ മിഷനറീസ് ഓഫ് ചാരിറ്റീസ് സമൂഹത്തിലെ നാലു സന്യാസിനികൾ ഉൾപ്പടെ പന്ത്രണ്ടു പേർ കൊല്ലപ്പെട്ടതും മറക്കാവുന്നതല്ല. ക്രൈസ്തവ വിശ്വാസത്തിലും അതിന്റെ പൈതൃകത്തിലും ജീവിക്കുന്നവരെ വശത്താക്കി തീവ്രവാദ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കു പ്രേരിപ്പിക്കുന്ന സംഭവങ്ങൾ നമ്മുടെ നാട്ടിൽത്തന്നെ ഉണ്ടാകുന്നുവെന്നതും ഗൗരവമായി കാണേണ്ടതുണ്ട്.

മതവിശ്വാസത്തെ തീവ്രവാദത്തിനുപയോഗിക്കുന്ന ഒരുവിഭാഗം ആളുകളുടെ ക്രൂരതയ്ക്കു മനുഷ്യസമൂഹം തലകുനിച്ചുനിൽക്കേണ്ട സാഹചര്യം ദയനീയമാണ്. മതേതരത്വം ഉയർത്തിപ്പിടിക്കുന്ന പൊതുസമൂഹത്തിൽ, വിശ്വാസജീവിതം മുറുകെപ്പിടിക്കുന്നവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളെ ശക്‌തമായി അപലപിക്കേണ്ടിയിരിക്കുന്നു. ഇത്തരം പ്രവണതകളെ സൂക്ഷ്മതയോടെ വീക്ഷിക്കാനും മതേതര മൂല്യങ്ങൾ മുറുകെപ്പിടിക്കാനും എല്ലാ മതങ്ങളിലുമുള്ള വിശ്വാസികൾക്കു സംരക്ഷണം നൽകാനും ഭരണകർത്താക്കൾക്കു കടമയുണ്ട്.


അതിക്രമങ്ങളുടെ പേരിൽ മതവൈരമോ പരസ്പര വിദ്വേഷമോ വളർത്താതിരിക്കാൻ ഏവരും ശ്രദ്ധിക്കണം. ഭയപ്പെടാതെ വിശ്വാസബോധ്യത്തോടെ ഇതിനെ നോക്കിക്കാണാനാണു ക്രൈസ്തവർ ശ്രദ്ധിക്കേണ്ടത്. നിരവധി പ്രതിസന്ധികളെ തരണം ചെയ്തു വളർന്നതാണു ക്രൈസ്തവവിശ്വാസം. വിശ്വാസം എന്നും സംരക്ഷിക്കപ്പെടാനും സഹനങ്ങളെ ധീരതയോടെ ഏറ്റെടുക്കാനും ലോകമെങ്ങും പീഡനമനുഭവിക്കുന്നവരുടെയും മറ്റെല്ലാ വിശ്വാസികളുടെയും സുസ്‌ഥിതിക്കു വേണ്ടിയും തീക്ഷ്ണമായി പ്രാർഥിക്കണം. ജൂലൈ 31 ഞായറാഴ്ച സീറോ മലബാർ സഭയിലെ എല്ലാ പള്ളികളിലും സ്‌ഥാപനങ്ങളിലും പ്രത്യേക പ്രാർഥന നടത്തണം. വിശ്വാസജീവിതത്തിന്റെ വർത്തമാനകാല വെല്ലുവിളികളെ അതിജീവിക്കാനും സമാധാനപൂർവകമായ ജീവിതം നയിക്കാനുമുള്ള മാർഗനിർദേശങ്ങൾ നൽകണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.