ബിജു രാധാകൃഷ്ണനെ കണ്ടിട്ടില്ലെന്ന മൊഴി ചെന്നിത്തല തിരുത്തി
ബിജു രാധാകൃഷ്ണനെ കണ്ടിട്ടില്ലെന്ന മൊഴി ചെന്നിത്തല തിരുത്തി
Wednesday, July 27, 2016 2:10 PM IST
കൊച്ചി: സോളാർ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണനെ നേരിൽ കണ്ടിട്ടില്ലെന്നു സോളാർ കമ്മീഷനിൽ നൽകിയ മൊഴി തിരുത്തി മുൻ ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ബിജു രാധാകൃഷ്ണനുവേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷക ചെന്നിത്തലയെ ക്രോസ് വിസ്താരം ചെയ്തപ്പോഴാണ് മൊഴി തിരുത്തിയത്. ആഭ്യന്തരമന്ത്രിയായ ശേഷം രമേശ് ചെന്നിത്തല ജയിൽ സന്ദർശിച്ചപ്പോൾ ബിജു രാധാകൃഷ്ണനെ കണ്ടു സംസാരിച്ചെന്നു തെളിവുകളുടെ അടിസ്‌ഥാനത്തിൽ ബിജുവിന്റെ അഭിഭാഷക ചൂണ്ടിക്കാട്ടി.

മന്ത്രിയെന്ന നിലയിൽ ജയിലുകൾ സന്ദർശിക്കുമ്പോൾ ജയിൽപുള്ളികളെ നിരത്തിനിർത്തി ഉദ്യോഗസ്‌ഥർ കാണിക്കാറുണ്ട്. ആ കൂട്ടത്തിൽ ചിലപ്പോൾ ബിജു രാധാകൃഷ്ണനും ഉണ്ടാവാമെന്നും അദ്ദേഹത്തെ കണ്ടിട്ടുണ്ടാകാമെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ, ബിജു രാധാകൃഷ്ണനുമായി സംസാരിച്ചത് ഓർമയില്ല. ബിജു രാധാകൃഷ്ണൻ രക്ഷപ്പെട്ടേക്കുമെന്ന റിപ്പോർട്ട് ലഭിച്ചുവെന്ന ചൊവ്വാഴ്ച നൽകിയ മൊഴി ഇന്നലെ വീണ്ടും ആവർത്തിച്ചു. എന്നാൽ, ഈ റിപ്പോർട്ട് ജയിൽ മേധാവിക്കും ഡിജിപിക്കും ലഭിച്ചിരുന്നോയെന്നു താൻ അന്വേഷിച്ചിരുന്നില്ലെന്നും ബിജുവിന്റെ അഭിഭാഷകയുടെ ചോദ്യത്തിനു ചെന്നിത്തല മറുപടി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.