ലേഖാ നമ്പൂതിരിക്കു മൂന്നു ലക്ഷം രൂപ ധനസഹായം
Wednesday, July 27, 2016 2:01 PM IST
തിരുവനന്തപുരം: അപകടത്തെത്തുടർന്ന് നട്ടെല്ലിന് ക്ഷതമേറ്റ് ചികിത്സയിൽ കഴിയുന്ന ആലപ്പുഴ മാവേലിക്കര കണ്ണമംഗലം വടക്ക് അശ്വതി വീട്ടിൽ ലേഖ എം. നമ്പൂതിരിയുടെ ചികിത്സാ ചെലവിനു മൂന്നു ലക്ഷം രൂപ അനുവദിച്ചു. പട്ടാമ്പി സ്വദേശി ഷാഫിക്കു വൃക്ക ദാനം ചെയ്ത വ്യക്‌തിയാണു ലേഖ. എറണാകുളം നോർത്ത് പറവൂർ നന്ത്യാട്ടുകുന്നം ചിറയ്ക്കൽ വീട്ടിൽ സന്തോഷിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു മൂന്നു ലക്ഷം രൂപ നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

ലുക്കീമിയ ബാധിച്ച് മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് മലപ്പട്ടം കാര്യാടത്ത് അഞ്ജു ഗംഗാധരന്റെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നൽകും. ആലപ്പുഴ മണ്ണഞ്ചേരി ചേന്നനാട്ടുവെളി വീട്ടിൽ കലേഷിന്റെയും കോഴിക്കോട് വടകര വൈക്കിലാശേരി പടിഞ്ഞാറെ കോമപ്പൻ കണ്ടിയിൽ ശശിയുടെയും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു മൂന്നു ലക്ഷം രൂപ വീതം നൽകും.

ആലപ്പുഴ ചേർത്തല നമ്പിശേരി വീട്ടിൽ അജയന്റെ മകൾ ആദ്യ, എറണാകുളം പിറവം മയിലാടി മല യിൽ സന്തോഷിന്റെ ഭാര്യ രമ്യ എന്നിവർക്കും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു മൂന്നു ലക്ഷം വീതം നൽകും.

ചികിത്സയിൽ കഴിയുന്ന ആലപ്പുഴ അമ്പലപ്പുഴ വടക്ക് പുതുവൽ വീട്ടിൽ ഷിബുവിന്റെ മകൻ സായി കൃഷ്ണയുടെ ചികിത്സയ് ക്ക് ഒരു ലക്ഷം രൂപ നൽകും. വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊളത്തറ എടോടിപ്പറമ്പ് വാരാടൻ ഹൗസിൽ നൂജ നഷ്റ (അഞ്ചര)യുടെ കുടുംബത്തിനു മൂന്നു ലക്ഷം രൂപ അനുവദിച്ചു.


വഞ്ചിമറിഞ്ഞ് മരിച്ച തൃശൂർ അഴീക്കോട് പുത്തൻപള്ളി അഞ്ചരശേരി പത്മനാഭൻ, അഴീക്കോട് പുത്തൻപളളി ബീച്ച് പണ്ടാലപ്പറമ്പിൽ ജലീൽ എന്നിവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപാ വീതം നൽകും. ആലപ്പുഴ ചേർത്തല പെരുമ്പളം കെയ്ക്കാട്ട് രാജേഷിന്റെ മക്കളായ സൂര്യൻ (ആറ്), സൂരജ് (നാല) എന്നിവർ കുളത്തിൽ വീണ് മരിച്ചിരുന്നു. ഇവരുടെ കുടുംബത്തിന് ആറു ലക്ഷം രൂപ നൽകും. പ്രമുഖ കലാകാരനും സിനിമ– നാടക ഹാസ്യ നടനുമായിരുന്ന അന്തരിച്ച വെള്ളൂർ പി. രാഘവന്റെ കുടുംബത്തിന് ഭവന നിർമാണത്തിന് സഹായമായി ഒരു ലക്ഷം രൂപ നൽകും. വാഹനാപകടത്തിൽ മരിച്ച മലപ്പുറം ഇരിമ്പിളിയം ചുഴലിപ്പുറത്ത് ഹൗസിൽ മുഹമ്മദ് നംഷാദ്, വളാഞ്ചേരി കരിയങ്ങാട്ട് കാവിൽ ഹൗസിൽ കെ.കെ. റംഷീദ്, വളാഞ്ചേരി മുളയ്ക്കൽ ഹൗസിൽ എം. മുഹമ്മദ് ഫാസിൽ എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപാ വീതം അനുവദിച്ചു.

ബൈക്കിൽ യാത്ര ചെയ്യവേ പളളുരുത്തി സ്റ്റേറ്റ് ഹൈവേയിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ എറണാകുളം പള്ളുരുത്തി കരീത്തറ വീട്ടിൽ മിഥുന്റെ ചികിത്സയ്ക്കു മൂന്നു ലക്ഷം രൂപയും മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ ആലപ്പുഴ ഓമനപ്പുഴ പുത്തൻപറമ്പിൽ ആന്റണിയുടെ കുടുംബത്തിനു ര ണ്ടു ലക്ഷം രൂപയും അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.