ഏലം കർഷകരുടെ വൈദ്യുതി സബ്സിഡിയിൽ ഉടൻ തീരുമാനമെന്നു കമ്മീഷൻ
ഏലം കർഷകരുടെ വൈദ്യുതി സബ്സിഡിയിൽ ഉടൻ തീരുമാനമെന്നു കമ്മീഷൻ
Wednesday, July 27, 2016 2:01 PM IST
തിരുവനന്തപുരം: ഇടുക്കിയിലെ ഏലം കർഷകർക്കു വൈദ്യുതി സബ്സിഡി ലഭ്യമാക്കുന്ന കാര്യത്തിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നീതിപൂർവമായ തീരുമാനമെടുക്കുമെന്ന് ചെയർമാൻ ടി.എൻ. മനോഹരൻ. റെഗുലേറ്ററി കമ്മീഷൻ ആസ്‌ഥാനത്ത് നടന്ന സിറ്റിംഗിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.

കർഷകർക്കു കൃഷിഭവൻ വഴിയാണു വൈദ്യുതി സബ്സിഡി തുക നൽകുന്നത്. ഏലംകൃഷി നിത്യഹരിത മേഖലകളിൽ അടിവിളയായിട്ടാണു നടത്തുന്നത്. ഏലം കൃഷിക്കു ജലം ആവശ്യമാണ്. അതേസമയം കൃഷിക്കാവശ്യമായ ജലം ലഭിക്കുകയും വേണം. ഇതുസംബന്ധിച്ച് കാര്യകാരണ സഹിതം രേഖാമൂലം ഹർജി നൽകണം. റെഗുലേറ്ററി കമ്മീഷൻ തീരുമാനമെടുക്കുന്നതു മുതലാകും അതു പ്രാബല്യത്തിൽ വരുന്നത്. അതുവരെ നിലവിലെ സ്‌ഥിതി തുടരുമെന്നും ചെയർമാൻ വ്യക്‌തമാക്കി.

ഇടുക്കിയിലെ ഏലം കർഷകർക്ക് കൃഷിക്കുള്ള വിഭാഗത്തിലാണ് വൈദ്യുതി ലഭ്യമാക്കിയിരുന്നത്. എന്നാൽ, അടുത്തകാലത്തായി ഏലം കൃഷിക്കുള്ള വൈദ്യുതി ബിൽ ബിസിനസിനുള്ള വിഭാഗത്തിലേക്കു മാറ്റി. ഇതോടെ ഒരു യൂണിറ്റ് വൈദ്യുതിക്ക് 67 പൈസയ്ക്കു ലഭ്യമായിരുന്നത് ആറു രൂപയാക്കി കുത്തനേ വർധിപ്പിച്ചെന്നു കിസാൻസഭ സംസ്‌ഥാന ജനറൽ സെക്രട്ടറി വേണുഗോപാൽ വ്യക്‌തമാക്കി. കാലാവസ്‌ഥാ വ്യതിയാനം കാരണം മഴ കുറയുകയാണ്. ഏലം കൃഷിക്കാവശ്യമായ ജലം ലഭിക്കുന്നില്ല. പമ്പ് ചെയ്ത് ജലസേചനം നട ത്തേണ്ട സാഹചര്യമാണുള്ളത്. അതിനാൽ രണ്ടു ഹെക്ടറിൽ താഴെയുള്ള കർഷകർക്കു പഴയ നിരക്കിൽ വൈദ്യുതി അനുവദിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.


വേനൽക്കാലത്തു മാത്രം കണക്ഷൻ മതിയോ എന്നും ബാക്കി സമയത്ത് കണക്ഷൻ എടുത്ത്് ധനനഷ്‌ടം ഉണ്ടാക്കണോയെന്നും ചെയർമാൻ ചോദിച്ചു. കാലവർഷകാലത്ത് കീടനാശിനി സ്രപേ ചെയ്യുന്നുണ്ട്. അതിനായി വൈദ്യുതി ആവശ്യമാണ്. ഗാർഹിക കണക്ഷനിൽ നിന്ന് കീടനാശിനി സ്പ്രേ ചെയ്യാൻ വൈദ്യുതി ഉപയോഗിച്ചതിന് പല കർഷകർക്കും വലിയ തുക പിഴയിട്ടതായി കർഷകർ തെളിവു നൽകി. 30,000 മുതൽ 35,000 രൂപവരെയാണ് പലർക്കും പിഴയിട്ടിരിക്കുന്നതെന്നും തുക അടയ്ക്കാൻ കഴിയാതെ കർഷകർ ആത്മഹത്യയിലേക്കു നീങ്ങുകയാണെന്നും കർഷകർ ചൂണ്ടിക്കാട്ടി.

കിസാൻസഭ ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആർ. രാഘവൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി.സി. കുര്യൻ, ചെറുകിട ഫാർമേഴ്സ് ക്ലബ് ഭാരവാഹികളായ പ്രസാദ് പി. പറങ്ങോട്ട്, അയ്യപ്പൻ പാലക്കൽ, സുനിൽമാത്യു തുടങ്ങിയവരും സിറ്റിംഗിൽ കർഷകരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.