കേരളം മികച്ച ഉദ്യോഗാർഥികളുടെ വിളഭൂമി: ഡോ.ബാജു ജോർജ്
കേരളം മികച്ച ഉദ്യോഗാർഥികളുടെ വിളഭൂമി: ഡോ.ബാജു ജോർജ്
Wednesday, July 27, 2016 2:01 PM IST
രാമപുരം: ഇന്ത്യയുടെ വിദേശനാണ്യ വരുമാനത്തിലേക്കു കൂടുതൽ സംഭാവനകൾ നൽകാൻ കഴിയുന്നതു കേരളത്തിനാണെന്നും മികച്ച ഉദ്യോഗാർഥികളുടെ വിളഭൂമിയാണു കേരളമെന്നും കൊച്ചി സ്മാർട്സിറ്റി എംഡി ഡോ. ബാജു ജോർജ്.

രാമപുരം മാർ ആഗസ്തീനോസ് കോളജിൽ സ്‌ഥാപകദിനാഘോഷവും ഡോ. എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണവും ബിരുദ വിദ്യാർഥി പ്രവേശനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഐടി മേഖലയിൽനിന്നുമാത്രം നമുക്കു ശതകോടിക്കണക്കിന് ഡോളറിന്റെ വരുമാനം ലഭിക്കുന്നുണ്ട്. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതിന്റെ രണ്ടിരട്ടി വരുമാനം ലഭിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാവണം. ഇതിലേക്ക് കൂടുതൽ സംഭാവനകൾ നൽകാൻ കഴിയുന്നത് കേരളത്തിനാണ്. കാരണം മാർ ആഗസ്തീനോസ് കോളജ് പോലെയുള്ള മികച്ച വിദ്യാലയങ്ങളിൽനിന്നു പുറത്തിറങ്ങുന്നത് മിടുക്കരായ, ഉന്നത സ്‌ഥാനങ്ങൾ അലങ്കരിക്കാൻ പ്രാപ്തിയുള്ള യുവതീയുവാക്കളാണ്. കേരളത്തിന്റെ കാർഷിക മേഖലയിലെ സംഭാവനകളും വിലപ്പെട്ടതാണ്.

ഓരോ ഗ്രാമത്തിലും കർഷകർ പൊന്നു വിളയിക്കുന്നതിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നു. കേരളത്തിന്റെ സമസ്ത മേഖലകളിലും അതിവേഗമുള്ള വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ടെലിഫോൺ മുതൽ ആഡംബര വാഹനങ്ങളിൽ വരെ സ്വപ്നതുല്യമായ മാറ്റങ്ങളാണ് കഴിഞ്ഞ കുറേ വർഷങ്ങൾക്കുള്ളിൽ ഉണ്ടായിട്ടുള്ളത്. മാർ ആഗസ്തീനോസ് കോളജിന്റെ 21 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് ലോകത്തിനു സമർഥരായ ആയിരക്കണക്കിന് മിടുക്കരെ സംഭാവന നൽകുവാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


യോഗത്തിൽ കോളജ് മാനേജർ റവ. ഡോ. ജോർജ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. മുൻ രാഷ്ട്ര പതി ഡോ. എ.പി.ജെ. അബ്ദുൾ കലാം ഈ ലോകത്തുനിന്നും നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഓർമകൾ എന്നും നിലനിൽക്കുമെന്നും ലോകംകണ്ട പകരം വയ്ക്കാനില്ലാത്ത മഹാപ്രതിഭയാണ് ഡോ. കലാമെന്നും റവ. ഡോ. ജോർജ് ഞാറക്കുന്നേൽ പറഞ്ഞു. നാലമ്പലങ്ങളുടെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും പുണ്യഭൂമിയായ രാമപുരത്ത് ഉന്നത വിദ്യാഭ്യാസം നേടുവാൻ കഴിയുന്നത് വിദ്യാർഥികളുടെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. വി.ജെ. ജോസഫ് സ്വാഗതം പറഞ്ഞു. ഡോ. ബ്രിൻസി മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരി, ടി. തോമസ്, ഷാജി ആറ്റുപുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.