സർക്കാർ തീരുമാനം ജനാധിപത്യവിരുദ്ധം: ഉമ്മൻ ചാണ്ടി
സർക്കാർ തീരുമാനം ജനാധിപത്യവിരുദ്ധം: ഉമ്മൻ ചാണ്ടി
Wednesday, July 27, 2016 2:01 PM IST
തിരുവനന്തപുരം: നിയമപരമായി രണ്ടു വർഷത്തെ കാലാവധിയുള്ള പോലീസ് അസോസിയേഷൻ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്‌ഥാന, ജില്ലാ കമ്മിറ്റികൾ നേരത്തെ പിരിച്ചുവിട്ട് ഉടൻ തെരഞ്ഞെടുപ്പ് അടിച്ചേല്പിക്കാനുള്ള സർക്കാരിന്റെ തീരുമാനം ജനാധിപത്യവിരുദ്ധമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രണ്ടുവർഷ കാലാവധി പൂർത്തിയാക്കാൻ ഇവരെ അനുവദിക്കണമെന്നു ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

തെരഞ്ഞെടുക്കപ്പെട്ട പോലീസ് അസോസിയേഷൻ സംസ്‌ഥാന, ജില്ലാ കമ്മിറ്റികൾക്കു ഭരണഘടനപ്രകാരം 2017 ഓഗസ്റ്റ് വരെയും പോലീസ് ഓഫീസേഴ്സ് അസോസിയേഷന് 2017 മാർച്ച് വരെയും കാലാവധിയുണ്ട്. ഈ ഭരണ സമിതികളുടെ കാലാവധി വെട്ടിച്ചുരുക്കി തെരഞ്ഞെടുപ്പ് ഉടൻ നടത്താൻ സർക്കാർ ഡിജിപിയോട് നിർദേശിച്ചതായി അറിയുന്നു. ഇന്നുവരെ കമ്മിറ്റികൾ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പു പിരിച്ചുവിട്ടിട്ടില്ല. ഇതിനു വിപരീതമായുള്ള സർക്കാരിന്റെ നീക്കം സംഘടനാ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നടപടിയാണെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.


1979 ജൂൺ 13–നാണ് പോലീസിനു സംഘടനാസ്വാതന്ത്ര്യം അനുവദിച്ച് പോലീസ് അസോസിയേഷനുകൾ രൂപീകരിക്കാൻ അനുവാദം നൽകിയത്. അസോസിയേഷൻ സമർപ്പിച്ചതും സർക്കാർ അംഗീകരിച്ചതുമായ ഭരണഘടനയുടെ അടിസ്‌ഥാനത്തിലാണ് അസോസിയേഷൻ പ്രവർത്തിച്ചുവരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.