“നമുക്കു ജാതിയില്ല’ പ്രഖ്യാപനത്തിന്റെ ആഘോഷത്തിനു കോൺഗ്രസും
Wednesday, July 27, 2016 1:55 PM IST
ആലപ്പുഴ: നമുക്കു ജാതിയില്ലായെന്ന ശ്രീനാരായണ ഗുരുവിന്റെ ചരിത്രപ്രഖ്യാപനത്തിന്റെ ശതാബ്ദി സിപിഎമ്മിനു പിന്നാലെ കോൺഗ്രസും ആഘോഷിക്കും. ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നമുക്ക് ജാതിയില്ലാ പ്രഖ്യാപനത്തിന്റെ ശതാബ്ദി ദിനമായ 31നു മാനവ മൈത്രി സന്ദേശ സമ്മേളനം നടത്തിയാണ് കോൺഗ്രസ് ആഘോഷത്തിൽ പങ്കാളികളാകുന്നത്. സിപിഎം സംസ്‌ഥാന തലത്തിൽ ജാതിയില്ലാ പ്രഖ്യാപനത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

സെമിനാറുകൾ, ശില്പശാലകൾ തുടങ്ങി താഴെത്തട്ടിലടക്കം എത്തത്തക്കവിധം നിരവധി പരിപാടികളാണ് സിപിഎം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനിടെയാണ് ശതാബ്ദി ആഘോഷിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെങ്കിലും മാനവമൈത്രി സന്ദേശ സ മ്മേളനം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ പരിപാടിയുടെ സംസ്‌ഥാന തല പ്രവർത്തനം സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുകളിൽ ഈഴവ വിഭാഗത്തിന്റെ വോട്ടിൽ ചോർച്ചയുണ്ടായെന്ന വിലയിരുത്തലിലാണ് കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ നവോത്ഥാന നായകരുടെ പേരിൽ പരിപാടികൾ സംഘടിപ്പിച്ചു തുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.