മണിയൻപിള്ളയുടെ ആശ്രിതർക്ക് നഷ്‌ടപരിഹാരം
Wednesday, July 27, 2016 1:55 PM IST
കൊല്ലം: പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവർ മണിയൻപിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മരിച്ച മണിയൻപിള്ളയുടെ ആശ്രിതർക്കും പരിക്കേറ്റ എഎസ്ഐ ജോയിക്കും രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ജില്ലാ സെഷൻസ് കോടതി വിധിച്ചു. ഈ തുക ലഭിക്കുന്നതിനു ബന്ധപ്പെട്ടവർ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയിൽ അപേക്ഷ നൽകണം.

രാവിലെ കേസ് പരിഗണിച്ചപ്പോൾ തന്നെ പ്രതി ആട് ആന്റണിക്കു വധശിക്ഷയിൽ കുറഞ്ഞുള്ള ഏറ്റവും വലിയശിക്ഷ നൽകണമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.ജി. മോഹൻരാജ് അഭ്യർഥിച്ചു. മണിയൻപിള്ളയുടെ കുടുംബത്തിനു സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അതു പ്രതിയിൽനിന്നു നേരിട്ട് ഈടാക്കരുതെന്നും പ്രോസിക്യൂഷൻ അപേക്ഷിച്ചു. തുടർന്നു പ്രതിഭാഗത്തിന്റെ വാദംകൂടി കേട്ടശേഷം ഉച്ചകഴിഞ്ഞു രണ്ടിനാണു ജില്ലാ ജഡ്ജി കേസിൽ വിധി പ്രഖ്യാപിച്ചത്.

2012 ജൂൺ 26നു പുലർച്ചെ ഒന്നോടെയാണു പാരിപ്പള്ളി–കുളമട റോഡിലെ ജവഹർ ജംഗ്ഷനു സമീപം ജീപ്പിൽ പട്രോളിംഗ് നടത്തുന്നതിനിടയിൽ ഡ്രൈവർ മണിയൻപിള്ള കുത്തേറ്റു മരിച്ചത്. കംപ്യൂട്ടർ സ്‌ഥാപനത്തിൽ കവർച്ചയ്ക്ക് ആയുധങ്ങളുമായി വാനിൽ എത്തിയ ആന്റണിയെ ജീപ്പിലെത്തിയ മണിയൻപിള്ളയും എഎസ്ഐ ജോയിയും ചേർന്ന് കസ്റ്റഡിയിലെടുത്തു. തുടർന്നു ജീപ്പിൽ കയറ്റുമ്പോഴാണു മണിയൻപിള്ളയ്ക്കു കുത്തേറ്റത്. ജീപ്പ് മുന്നോട്ടെടുക്കുമ്പോൾ പുറകിലിരുന്ന ആന്റണി കൈയിൽ ഒളിപ്പിച്ചുവച്ചിരുന്ന കത്തി ഉപയോഗിച്ച് മണിയൻപിള്ളയുടെ നെഞ്ചിലും പുറകിലും കുത്തി കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.


കൃത്യം നിർവഹിച്ചശേഷം രക്ഷപ്പെട്ട ആന്റണി മൂന്നു വർഷത്തിലധികം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ വേഷങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇരുനൂറോളം മോഷണ കേസുകളിൽ പ്രതിയായ ഇയാളെ പിടികൂടുന്നതിനു പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. കോയമ്പത്തൂർ– പാലക്കാട് അതിർത്തിയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയവെ 2015 ഒക്ടോബർ 13ന് പാലക്കാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘത്തിനു കൈമാറിയത്.അറസ്റ്റ് കഴിഞ്ഞ് 90 ദിവസത്തിനകം കുറ്റപത്രം നൽകിയതിനാൽ പ്രതിക്കു ജാമ്യത്തിന് അവസരം ലഭിച്ചില്ല. ജൂൺ 14ന് ആരംഭിച്ച വിചാരണ നടപടികൾ ജൂലൈ എട്ടിനു പൂർത്തിയാകുകയും ചെയ്തു.കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 30 സാക്ഷികളെയും 72 രേഖകളും 32 തൊണ്ടിമുതലുകളും ഹാജരാക്കുകയുണ്ടായി. മുഖ്യസാക്ഷി എഎസ്ഐ ജോയിയുടെ മൊഴിയാണുകേസിൽ ഏറെ നിർണായകമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.