ഗവേഷണരംഗത്ത് അവസരമൊരുക്കി രാജഗിരി കോളജും നെസ്റ്റ് ഗ്രൂപ്പും
ഗവേഷണരംഗത്ത് അവസരമൊരുക്കി രാജഗിരി കോളജും നെസ്റ്റ് ഗ്രൂപ്പും
Wednesday, July 27, 2016 1:45 PM IST
കൊച്ചി: എൻജിനിയറിംഗ് വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗും നെസ്റ്റ് ഗ്രൂപ്പും പുതിയ പദ്ധതിക്കു തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി കോളജ് കാമ്പസിൽ പ്രവർത്തനമാരംഭിക്കുന്ന ’നെസ്റ്റ് സെന്റർ ഓഫ് എക്സലൻസിലൂടെ’ വിദ്യാർഥികൾക്കു തൊഴിൽ മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ ഗവേഷണം നടത്താനും മറ്റും അവസരമൊരുങ്ങും. കോളജ് കാമ്പസിൽ നടന്ന ചടങ്ങിൽ നെസ്റ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും വൈസ് ചെയർമാനുമായ എൻ. ജഹാംഗീർ, രാജഗിരി ഡയറക്ടർ ഫാ. ജോസ് അലക്സ് ഒരുതായാപ്പള്ളി എന്നിവർ പദ്ധതിയുടെ കരാറിൽ ഒപ്പുവച്ചു. ചടങ്ങിൽ നെസ്റ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ നസ്നീൻ ജഹാംഗീർ, അൽതാഫ് ജഹാംഗീർ എന്നിവർ സംബന്ധിച്ചു.

നെസ്റ്റ് ഗ്രൂപ്പ് നിയമിക്കുന്ന വിദഗ്ധൻ ആയിരിക്കും ’നെസ്റ്റ് സെന്റർ ഓഫ് എക്സലൻസിന്റെ’ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. രാജഗിരിയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും നെസ്റ്റിൽനിന്നുള്ള എൻജിനിയർമാർക്കും ഗവേഷണത്തിന് അവസരമൊരുങ്ങും. മിടുക്കരായ വിദ്യാർഥികൾക്കു നാളെയുടെ സാങ്കേതികവിദ്യയെ അടുത്തറിയാനും പഠനം നടത്താനും സഹായിക്കുകയാണു പുതിയ പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസ മേഖലയും തൊഴിലിടവും രണ്ടുതട്ടിൽ നിൽക്കുന്ന രീതിക്ക് അവസാനമിട്ടുകൊണ്ടാണു രാജഗിരി പുതിയ നേട്ടം സ്വന്തമാക്കിയത്.


കോളജ് കാമ്പസിനുള്ളിൽതന്നെ തൊഴിലിടം സജ്‌ജമാക്കുകവഴി വിദ്യാർഥികൾക്കായി മികച്ച പഠനരീതി കാഴ്ചവയ്ക്കാൻ രാജഗിരിക്കു സാധിച്ചുവെന്നു ഡയറക്ടർ ഫാ. ജോസ് അലക്സ് ഒരുതായപ്പള്ളി ചൂണ്ടിക്കാട്ടി. സാങ്കേതികരംഗത്ത് മികച്ച സംഭാവനകൾ നൽകാൻ രാജഗിരിയിലെ വിദ്യാർഥികളെ പദ്ധതി സഹായിക്കട്ടെ എന്നു നെസ്റ്റ് ഗ്രൂപ്പ് വൈസ് ചെയർമാൻ എൻ. ജഹാംഗീർ ആശംസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.