ആംബുലൻസിനു തീപിടിച്ച് അച്ഛനും മകളും വെന്തുമരിച്ചു
ആംബുലൻസിനു തീപിടിച്ച് അച്ഛനും മകളും വെന്തുമരിച്ചു
Tuesday, July 26, 2016 4:27 PM IST
<ആ>സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: ആശുപത്രിയിലേക്കു പൊയ്ക്കൊണ്ടിരുന്ന ആംബുലൻസിനു തീപിടിച്ചു രോഗിയായ അച്ഛനും മകളും വെന്തുമരിച്ചു. രണ്ടുപേർക്കു ഗുരുതരമായി പരിക്കേറ്റു. ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ഏഴോടെ എംസി റോഡിൽ മൂവാറ്റുപുഴ മീങ്കുന്നം ആറൂർ സാറ്റലൈറ്റിനു സമീപമുള്ള കാവിശേരി വളവിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

ഏറ്റുമാനൂർ കട്ടച്ചിറ വരകുകാലായിൽ വി.ജെ. ജയിംസ് (72), മകൾ തിരുവനന്തപുരം കേശവദാസപുരം മഞ്ഞാങ്കൽ ഷാജിയുടെ ഭാര്യ അമ്പിളി (40) എന്നിവരാണു മരിച്ചത്. ഇരുവരും സംഭവസ്‌ഥലത്തുതന്നെ മരിച്ചു. മരിച്ച ജയിംസിന്റെ മകൻ അഭിലാഷിന്റെ ഭാര്യ ജോയ്സ് (25), ഹോം നഴ്സ് കുമളി ലോവർക്യാമ്പ് അംബേദ്കർ കോളനിയിലെ പരേതനായ ഏസിയായുടെ ഭാര്യ ലക്ഷ്മി (55) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസ് ഡ്രൈവർ കൃഷ്ണദാസ്, മെയിൽ നഴ്സ് മെൽബിൻ ആന്റണി എന്നിവരാണു രക്ഷപ്പെട്ടത്.

വയനാട്ടിൽ ആയുർവേദ റിസോർട്ട് ആരംഭിക്കാനായി ജയിംസ് അവിടെ താമസിച്ചുനിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിവരുകയായിരുന്നു. ഇതിനിടെ ന്യുമോണിയ പിടിപെട്ടു കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും അസുഖം കുറഞ്ഞില്ല. വിദഗ്ധചികിത്സയ്ക്കായി മൊബൈൽ ഐസിയു ആംബുലൻസിൽ കോട്ടയത്തേക്കു കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്. ആറൂരിലെ കുത്തനേയുള്ള കയറ്റം കയറുന്നതിനിടെ വാഹനത്തിൽനിന്നു പുക ഉയരുകയും തീപടർന്നുപിടിക്കുകയുമായിരുന്നു. തീ കണ്ടയുടൻ ഡ്രൈവർ ഉൾപ്പെടെ നാലുപേർ വാഹന ത്തിൽനിന്നു പുറത്തുചാടി. ഡ്രൈവർ ചാടിയതോടെ കുറച്ചുദൂരം പിറകോട്ടു നിരങ്ങിനീങ്ങിയ ആംബുലൻസ് പൊട്ടിത്തെറിച്ചു കത്തുകയായിരുന്നു. സ്ഫോടനശബ്ദം ഒരുകിലോമീറ്റർ ചുറ്റളവിൽവരെ കേട്ടു. നാനൂറ് മീറ്റർ ചുറ്റളവിൽ ആംബുലൻസിന്റെ അവശിഷ്ടങ്ങൾ ചിതറിവീണു.


സമീപത്തുള്ള പുത്തൻപുരയ്ക്കൽ ജോസഫ്, കാവിശേരിൽ ബേബി എന്നിവരുടെ വീടുകൾക്കു നാശനഷ്ടമുണ്ടായി. അപകടകാരണം വ്യക്‌തമല്ല. എൻജിൻ ചൂടായി കത്തിയതാകാമെന്നാണു പ്രാഥമിക നിഗമനം. ആംബുലൻസിൽ ഓക്സിജൻ സിലിണ്ടറുണ്ടായിരുന്നതു തീ പെട്ടെന്നു പ ടരാൻ കാരണമായതായി കരുതു ന്നു. കല്പറ്റ ശാന്തി ഡയാലിസിസ് സെന്ററിന്റേതാണ് അപകടത്തിൽപ്പെട്ട ആംബുലൻസ്.

മൂവാറ്റുപുഴയിൽനിന്നു ഫയർഫോഴ്സും പോലീസും സ്‌ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണു രക്ഷാപ്രവർത്തനം നടത്തിയത്. കൂരിരിട്ടും മഴയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. അപകടത്തെത്തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ പ്പെട്ടു. തൊടുപുഴ കരിങ്കുന്നം കുറുമ്പിൽ കുടുംബാംഗം ത്രേസ്യാമ്മയാണ് ജയിംസിന്റെ ഭാര്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.