കേരള കോൺഗ്രസ് ഇടഞ്ഞുതന്നെ; യുഡിഎഫ് പ്രതിസന്ധിയിൽ
കേരള കോൺഗ്രസ് ഇടഞ്ഞുതന്നെ; യുഡിഎഫ് പ്രതിസന്ധിയിൽ
Tuesday, July 26, 2016 4:27 PM IST
<ആ>സാബു ജോൺ

തിരുവനന്തപുരം: കേരള കോൺഗ്രസ്– എമ്മിന്റെ പ്രതിഷേധം യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നു. ഇന്നലെ ചേർന്ന യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ബഹിഷ്കരിച്ച പാർട്ടി ഓഗസ്റ്റ് നാലിനു നടത്താൻ നിശ്ചയിച്ചിരിക്കുന്ന യോഗവും മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് യുഡിഎഫ് യോഗവും യുഡിഎഫ് എംഎൽഎമാരുടെ സെക്രട്ടേറിയറ്റ് ധർണയും അടുത്ത മാസം പത്തിലേക്കു മാറ്റി.

സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് യുഡിഎഫ് എംഎൽഎമാരുടെ സെക്രട്ടേറിയറ്റ് ധർണ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ചേർന്ന യുഡിഎഫ് യോഗത്തിൽ നിന്നു വിട്ടുനിന്ന കെ.എം. മാണിയോടു കൂടി കൂടിയാലോചിച്ചതിനു ശേഷമായിരുന്നു തീയതി പ്രഖ്യാപിച്ചത്. എന്നാൽ, ആ തീയതിയും മാറ്റിവയ്ക്കേണ്ടി വന്നിരിക്കുകയാണ്. കേരള കോൺഗ്രസ് ചരൽക്കുന്നിൽ ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിൽ പാർട്ടി ക്യാമ്പ് നടത്തുകയാണ്. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച ചർച്ച നടക്കുന്ന സാഹചര്യത്തിൽ അതിനുശേഷം മാത്രം യുഡിഎഫ് യോഗം ചേർന്നാൽ മതിയെന്നാണ് കെ.എം. മാണിയുടെ നിലപാട്. അക്കാര്യം അദ്ദേഹം യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചനെ വിളിച്ചറിയിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് നേതാക്കൾ കൂടിയാലോചിച്ച ശേഷം തീയതി മാറ്റാൻ തീരുമാനിച്ചത്.

ഓഗസ്റ്റ് പത്തിനകം മാണിയെ അനുനയിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. മാണിയുമായി ഭിന്നതയൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചിട്ടുണ്ട്. അടുത്ത യോഗത്തിൽ കെ.എം. മാണി പങ്കെടുക്കുമെന്ന് ഉമ്മൻ ചാണ്ടിയും പറഞ്ഞു. വരുംദിവസങ്ങളിൽ കോൺഗ്രസ് നേതൃത്വം ചർച്ചയിലൂടെ മാണിയെ തണുപ്പിക്കാമെന്നാണു കരുതുന്നത്.


എന്നാൽ, മാണിയുടെ പ്രതിഷേധം ഇത്രമാത്രം കനക്കുമെന്നു കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണു വാസ്തവം. തിങ്കളാഴ്ചത്തെ യോഗം കേരള കോൺഗ്രസ് ബഹിഷ്കരിക്കുമെന്ന് നേതൃത്വം കരുതിയിരുന്നില്ല. മാണി യോഗം ബഹിഷ്കരിക്കുകയും പിന്നാലെ അടുത്ത യോഗം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ കോൺഗ്രസ് നേതൃത്വവും ഗൗരവമായി വിഷയത്തെ കാണുന്നുണ്ട്.

ചരൽക്കുന്നിലെ ക്യാമ്പിൽ പാർട്ടി മുന്നണി വിടണമെന്ന ആവശ്യം ഉയരുമെന്ന് ഉറപ്പാണ്. സ്വതന്ത്ര ബ്ലോക്കായി നിയമസഭയിൽ ഇരിക്കണമെന്ന നിലപാട് പാർട്ടിക്കുള്ളിൽ ശക്‌തമാണ്. കഴിഞ്ഞയാഴ്ച ചേർന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റിയിലും ഈയാവശ്യം ഉയർന്നിരുന്നു. എന്നാൽ, അത്തരം ചർച്ചകൾ ഉണ്ടായില്ലെന്ന പരസ്യ നിലപാടാണ് കെ.എം. മാണി കൈക്കൊണ്ടത്. ഏതായാലും മാണിയുടെ നിലപാട് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം നിർണായകമായിരിക്കുകയാണ്. കടുത്ത നിലപാടിലേക്കു മാണിയും പാർട്ടിയും നീങ്ങില്ലെന്നു പ്രതീക്ഷിക്കുമ്പോഴും കോൺഗ്രസ് നേതൃത്വത്തിൽ ആശങ്കയുണ്ട്.

തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽ പകച്ചുപോയ യുഡിഎഫിന് ശരിയായ രീതിയിലുള്ള തെരഞ്ഞെടുപ്പ് അവലോകനം പോലും നടത്താൻ ഇതുവരെ സാധിച്ചിട്ടില്ല. മുന്നണിക്കുള്ളിലെയും മുഖ്യകക്ഷിയായ കോൺഗ്രസിനുള്ളിലെയും പ്രശ്നങ്ങൾ തന്നെയാണു കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.