ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കു കൂടുതൽ നിയന്ത്രണം
Tuesday, July 26, 2016 4:17 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: മീഡിയ റൂം അടച്ചുപൂട്ടിയതിനു പിന്നാലെ ഹൈക്കോടതിയിൽ മാധ്യമ പ്രവർത്തകർക്കു കൂടുതൽ നിയന്ത്രണവും ഏർപ്പെടുത്തി. ജഡ്ജിമാരുടെ ചേംബറുകളിലേക്കും സ്റ്റെനോ പൂളുകളിലേക്കും മാധ്യമ പ്രവർത്തകർ പ്രവേശിക്കുന്നതു താത്കാലികമായി തടഞ്ഞാണു പുതിയ നിയന്ത്രണം. ഹൈക്കോടതി അധികൃതർ വാക്കാലാണ് ഈ നിർദ്ദേശം നൽകിയത്.

ജഡ്ജിമാരുടെ ചേംബറുകളിലും സ്റ്റെനോപൂളുകളിലും കയറുന്നതു താത്കാലികമായി നിർത്തിവയ്ക്കണമെന്നു ഹൈക്കോടതി പിആർഒയുടെ ഓഫീസിൽനിന്ന് ഇന്നലെ കോടതികാര്യ ലേഖകരെ വിളിച്ച് അറിയിക്കുകയായിരുന്നു. കോടതിമുറികളിലെ നിയമനടപടികൾ റിപ്പോർട്ട് ചെയ്യാൻ തടസമില്ലെന്നും വിശദീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച അഭിഭാഷകരും പത്രപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണു നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷാവസ്‌ഥയ്ക്ക് അയവു വരുന്നതുവരെ മാത്രമുള്ള താത്കാലിക നിയന്ത്രണം മാത്രമാണിതെന്നു ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു. കോടതികളിൽ ജഡ്ജിമാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും വിധിന്യായങ്ങളും അതതു ജഡ്ജിമാരുടെ ചേംബറിലെ പ്രൈവറ്റ് സെക്രട്ടറിമാരും പേഴ്സണൽ അസിസ്റ്റന്റുമാരും അടക്കമുള്ള സ്റ്റെനോഗ്രാഫർമാരാണു കുറിച്ചെടുക്കുന്നത്.

ചിലപ്പോൾ സ്റ്റെനോ പൂളിൽ നിന്നുള്ളവരും കുറിച്ചെടുക്കും. ഇങ്ങനെ കുറിച്ചെടുക്കുന്നതു പിന്നീട് ചേംബറിലത്തെി കംപ്യൂട്ടർ ഉപയോഗിച്ചു ടൈപ്പ് ചെയ്യും. മിക്കവാറും പ്രധാന ഉത്തരവുകൾക്കു ചേംബറുകളെയാണു മാധ്യമ പ്രവർത്തകർ ആശ്രയിക്കുക. മാധ്യമ പ്രവർത്തകർ തുറന്ന കോടതികളിൽ സന്നിഹിതരായി നേരിട്ടു കേട്ട ഉത്തരവുകളാണെങ്കിലും ഇതു സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതു ചേബറുകളിലെത്തി ഉത്തരവുകൾ നേരിട്ടു പരിശോധിച്ചാണ്.


സ്റ്റെനോപൂളിൽനിന്ന് ഉത്തരവുകളുടെ പ്രസക്‌തഭാഗങ്ങൾ വായിച്ചു മനസിലാക്കാനും സൗകര്യം നൽകിയിരുന്നു. അഭിഭാഷകരുമായി ബന്ധപ്പെട്ട സംഘർഷാവസ്‌ഥയ്ക്കു തൊട്ടുമുമ്പു വരെ ഇതുതന്നെയായിരുന്നു അവസ്‌ഥ. ചേംബറുകളിൽ നേരിട്ടത്തെി വിധിന്യായങ്ങൾ വായിച്ചു നോക്കാനും കുറിച്ചെടുക്കാനുമുള്ള സൗകര്യം 2008ലാണു ഹൈക്കോടതി അനുവദിച്ചത്.

നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഉത്തരവുകൾ വാർത്തയായി ജനങ്ങളിലേക്കെത്തിക്കുന്നതു മാധ്യമങ്ങൾക്കു പ്രയാസകരമാകും. ഹൈക്കോടതിയുടെ വെബ്സൈറ്റിൽ ഉത്തരവുകൾ പ്രസിദ്ധീകരിക്കുകയോ പബ്ലിക് റിലേഷൻസ് ഓഫീസിൽനിന്നു ലഭ്യമാക്കുകയോ ചെയ്താലേ ഇനി മാധ്യമ പ്രവർത്തകർക്കു കിട്ടൂ. അതതു ദിവസം തന്നെ ഉത്തരവുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന രീതി ഹൈക്കോടതിയിൽ സാധാരണമല്ല. ഇടക്കാല വിധികളാകട്ടെ വെബ്സൈറ്റിൽ നൽകാറുമില്ല.

നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിൽ മാധ്യമ പ്രവർത്തകർക്കു വിധിന്യായങ്ങളുടെ പകർപ്പുകൾ എങ്ങനെ ലഭ്യമാക്കുമെന്നു ഹൈക്കോടതി വ്യക്‌തമാക്കിയിട്ടില്ല. ഹൈക്കോടതിയിലും പരിസരത്തും പ്രകടനം നടത്തുന്നതും സംഘംചേരുന്നതും നിരോധിച്ചുള്ള കഴിഞ്ഞ ദിവസത്തെ ഉത്തരവ് ജില്ലാ കോടതികളിലും ഹൈക്കോടതി ബാധകമാക്കി. മറ്റു സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ കോടതികളുടെ കാര്യത്തിൽ ഈ ഉത്തരവ് പ്രായോഗികമായി നടപ്പാക്കുന്നതിനു സർക്കാരിന്റെ നിലപാട് അറിയിക്കാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

അതിനിടെ ഹൈക്കോടതി നടപടികൾ ബഹിഷ്കരിച്ച അഭിഭാഷകർക്കെതിരേ നടപടി വേണമെന്ന ഹർജി ഇന്നു വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.