സാമുദായിക സംഘടനകളിലും പ്രവർത്തിക്കാൻ അണികൾക്കു നിർദേശം
Tuesday, July 26, 2016 4:17 PM IST
കോഴഞ്ചേരി: എൻഎസ്എസ്, എസ്എൻഡിപി സംഘടനകളുടെ പ്രാദേശിക തലത്തിലുള്ള ശാഖാ – കരയോഗ പ്രവർത്തനത്തിലും അതിലൂടെ ഭരണസമിതിയിലേക്കും കടന്നുകയറണമെന്നു സിപിഎം അംഗങ്ങൾക്കു നിർദേശം.

23, 24 തീയതികളിൽ നടന്നതും 29, 30 ദിവസങ്ങളിലായി നടത്താനിരിക്കുന്നതുമായ സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റിയംഗങ്ങൾക്കുള്ള പഠനക്ലാസിലാണ് പാർട്ടിയുടെ പുതിയ നിർദേശം. പഠനക്ലാസിലെ “പുതിയ കാലഘട്ടത്തിലെ സംഘടനാ പ്രവർത്തനം” എന്ന സെക്ഷനിലാണ് ഈ നിർദേശമുള്ളത്.

ആർഎസ്എസ്, ബിജെപി, സംഘപരിവാർ സംഘടനകൾ സാമൂദായിക സംഘടനകളിൽ ആധിപത്യം സ്‌ഥാപിക്കുന്നത് സിപിഎമ്മിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തിരിച്ചടിയാകുമെന്നും അംഗങ്ങളെ പഠിപ്പിക്കുന്നുണ്ട്. സമുദായിക പ്രവർത്തനങ്ങൾ നടത്തുന്നവരെ ആക്ഷേപിക്കുന്ന പ്രവണതയും അവസാനിപ്പിക്കണമെന്നും പാർട്ടി ക്ലാസിൽ നിർദേശം നൽകുന്നുണ്ട്.

ഹിന്ദു സമൂഹത്തിൽ പാർട്ടിക്കുണ്ടായിരുന്ന മേൽക്കോയ്മ കഴിഞ്ഞ കുറെ വർഷങ്ങളായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇതു തിരികെ പിടിക്കാൻ സാധാരണ പ്രവർത്തകർ അന്തസുള്ള പ്രവർത്തനം കാഴ്ച വയ്ക്കണമെന്നും പാർട്ടി ക്ലാസിൽ പഠിപ്പിക്കുന്നു. മതപരമായ ആചാരങ്ങളെ മൊത്തത്തിൽ ആക്ഷേപിക്കരുതെന്നും നിർദേശം നൽകുന്നുണ്ട്.

ഹിന്ദു സംഘടനകളോടൊപ്പം ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും പാർട്ടിയിലേക്ക് വന്നിട്ടുള്ള മെംബർമാരെ അവരുടെ ആചാരപരമായ ചടങ്ങളുകളിൽ പങ്കെടുക്കുന്നത് നിഷേധിക്കരുതെന്നും പറയുന്നു. ദേശീയ – അന്തർദേശീയ വിഷയങ്ങളെപ്പറ്റി പാർട്ടി മെംബർമാർക്ക് ക്ലാസ് നൽകുന്നതിന്റെ അതേ പ്രാധാന്യത്തിലാണ് പുതിയ കാലഘട്ടത്തിലെ സംഘടനാ പ്രവർത്തനം എന്ന വിഷയത്തിൽ ക്ലാസെടുക്കുന്നത്.

ഇതോടൊപ്പം പാലിയേറ്റീവ് മെഡിക്കൽ രംഗത്തും മാലിന്യ സംസ്കരണ രംഗത്തും പുതിയ കാഴ്ചപ്പാടോടെ പാർട്ടി പ്രവർത്തകർ പ്രവർത്തിക്കണം. ജൈവകൃഷി സമൂഹത്തിലാകെ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ കുടുംബശ്രീ പോലെയുള്ള കൂട്ടായ്മകളെക്കൊണ്ട് നടത്തണമെന്നും സിപിഎം നിർദേശിച്ചു.


സാധാരണ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ പ്രശ്നാധിഷ്ഠിത സമീപനത്തോടെ സമീപിക്കുകയും സംസ്‌ഥാന സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ബ്രാഞ്ചു തലത്തിൽ വീടുകളിൽ എത്തിക്കുന്നതിന് ലോക്കൽ കമ്മറ്റിയംഗങ്ങൾ നേതൃത്വപരമായ പങ്കുവഹിക്കണമെന്നും പഠനക്ലാസിൽ വ്യക്‌തമാക്കുന്നു.

പാർട്ടി അധികാരത്തിൽ ഇരിക്കുന്നത് മുതലെടുത്തുകൊണ്ട് മാഫിയാ പ്രവർത്തനം നടത്തുന്നവർ ഉദാഹരണമായി റിയൽ എസ്റ്റേറ്റ്, മണൽ കടത്ത്, ബ്ലേഡ് കച്ചവടം എന്നിവർ പാർട്ടിയുടെ പ്രാദേശിക നേതാക്കന്മാരുമായി കൂട്ടുകൂടാനുള്ള ശ്രമം നടത്തുമെന്നും ഇതിൽ നിന്നും പാർട്ടിയുടെ പ്രാദേശിക കേഡർമാർ ഒഴിഞ്ഞു നിൽക്കണമെന്നും നിർദേശിക്കുന്നു. പോലീസ് സ്റ്റേഷൻ ഭരണവും താഴേത്തട്ടിലുള്ള വില്ലേജ് ഓഫീസ് മുതലായ സാധാരണ ആളുകൾ സമീപിക്കുന്ന സ്‌ഥാപനങ്ങളിൽ അനാവശ്യമായി ഇടപടരുതെന്നും കർശന നിർദേശവും മെംബർമാർക്ക് നൽകുന്നുണ്ട്. അവിഹിതമായി ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരുടെമേൽ ശക്‌തമായ നടപടികൾ സ്വീകരിക്കാൻ മേൽക്കമ്മിറ്റികൾ തയാറാകണം.

ഏരിയാ കമ്മിറ്റിയംഗങ്ങൾ വരെയുള്ളവർക്ക് തിരുവനന്തപുരത്തെ ഇഎംഎസ് അക്കാഡമിയിൽ നൽകിയ പഠനക്ലാസിന്റെ തുടർച്ചയായിട്ടാണ് സംസ്‌ഥാനത്ത് മുഴുവൻ ലോക്കൽ കമ്മിറ്റിയംഗങ്ങൾക്കും ക്ലാസുകൾ നൽകുന്നത്. ക്ലാസുകളിൽ മുഴുവൻ ലോക്കൽ കമ്മിറ്റിയംഗങ്ങളും പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.