പോലീസിനെ പോഷക സംഘടനയാക്കാൻ കോടിയേരിയുടെ ശ്രമമെന്നു സുധീരൻ
പോലീസിനെ പോഷക സംഘടനയാക്കാൻ കോടിയേരിയുടെ ശ്രമമെന്നു സുധീരൻ
Tuesday, July 26, 2016 4:17 PM IST
തിരുവനന്തപുരം: പോലീസിനെ സിപിഎമ്മിന്റെ പോഷക സംഘടനയാക്കാനുള്ള ശ്രമമാണു സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തുന്നതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. പോലീസിനെ വിമർശിക്കുന്നതു പൂർണമായി പാർട്ടി നിയന്ത്രണത്തിൽ കൊണ്ടു വരാനാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം– ബിജെപി അക്രമം വ്യാപകമായ സംസ്‌ഥാനത്ത് എരിതീയിൽ എണ്ണ ഒഴിക്കുന്ന സമീപനമാണു കോടിയേരി ബാലകൃഷ്ണനും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും സ്വീകരിച്ചിട്ടുള്ളത്. അക്രമത്തിനു പ്രേരണ നൽകുന്നവർക്കെതിരേ നടപടി സ്വീകരിക്കാൻ പോലീസിനും ഭരണകൂടത്തിനും ബാധ്യതയുണ്ട്. എന്നാൽ, ഇവർക്കെതിരേ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ തയാറായിട്ടില്ല. സിപിഎമ്മും ബിജെപിയും ആയുധം താഴെവച്ചാൽ മാത്രമേ നാട്ടിൽ സമാധാനമുണ്ടാകൂ. അധികാരം തലയ്ക്കു പിടിച്ചതിനെത്തുടർന്നാണു സിപിഎമ്മും ബിജെപിയും അക്രമവുമായി മുന്നോട്ടുപോകുന്നത്.

കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗാധാരങ്ങൾക്ക് അധിക സാമ്പത്തിക ഭാരം ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരേ രണ്ടാംഘട്ട സമരമെന്ന നിലയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 11 നു സബ് രജിസ്ട്രാർ ഓഫിസുകളിലേക്കു മാർച്ചും ധർണയും നടത്തും. തുടർന്നും പിൻവലിക്കാൻ തയാറായില്ലെങ്കിൽ കൂടുതൽ സമര പരിപാടികൾക്കു രൂപം നൽകും.


ആഗോള കുത്തകകൾക്കുള്ള സൗകര്യം ഒരുക്കുകയും ഇവർക്കായി തൊഴിലാളികളുടെ നിയമ പരിരക്ഷ അട്ടിമറിക്കുകയും ചെയ്യുന്ന സാമ്പത്തിക വിദഗ്ധയായ ഗീതാ ഗോപിനാഥിനെ പോലുള്ളവരെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി നിയമിച്ചതിനെക്കുറിച്ചു സിപിഎം കേന്ദ്ര നേതൃത്വവും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നിലപാടു വ്യക്‌തമാക്കണം.

ദളിത് പീഡനത്തിന് എതിരേ ഓഗസ്റ്റ് മൂന്നിനു രാവിലെ പത്തു മുതൽ പാളയം രക്‌തസാക്ഷി മണ്ഡപത്തിനു മുന്നിൽ കെപിസിസിയുടെ നേതൃത്വത്തിൽ ജനകീയ സദസ് സംഘടിപ്പിക്കും. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും സംസ്‌ഥാനത്തെ പിണറായി വിജയൻ സർക്കാരും ദളിത് വിഭാഗങ്ങൾക്കെതിരേ കടുത്ത പീഡനങ്ങളാണു തുടരുന്നത്. ഗുജറാത്തിനൊപ്പം തലശേരിയിൽ ദളിത് സഹോദരിമാർക്കെതിരേയുള്ള അതിക്രമവും ഇതിന് ഉദാഹരണമാണെന്നും വി.എം. സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.