ഗർഭഛിദ്ര അനുവാദം: സുപ്രീംകോടതി വിധി നിർഭാഗ്യകരമെന്നു കെസിബിസി പ്രോലൈഫ് സമിതി
Tuesday, July 26, 2016 4:17 PM IST
കൊച്ചി: 24 ആഴ്ച വളർച്ചയെത്തിയ ഗർഭസ്‌ഥശിശുവിനെ ഗർഭഛിദ്രം നടത്താൻ അനുവാദം നൽകിയ സുപ്രീംകോടതി വിധി നിർഭാഗ്യകരമെന്നു കെസിബിസി പ്രൊലൈഫ് സമിതി. ആറു മാസം പ്രായമെത്തിയ കുഞ്ഞിന് ജനിക്കാനും സാധാരണ കുഞ്ഞുങ്ങളെപ്പോലെ വളരാനുമുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും നിലനിൽക്കെ ഇത്തരത്തിലുള്ള പ്രത്യേക അനുവാദം സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും.

ഗർഭസ്‌ഥയായ യുവതിയുടെ നിസഹായവസ്‌ഥ നിലനിൽക്കുമ്പോഴും ഉദരത്തിൽ വളർച്ചയെത്തിയ കുഞ്ഞിന് ജനിക്കാനുള്ള അവകാശത്തെ നിഷേധിക്കരുത്. കുഞ്ഞിനെ സംരക്ഷിക്കാൻ കേരളത്തിലെ നിരവധി കത്തോലിക്കാ ശിശുസംരക്ഷണ സ്‌ഥാപനങ്ങൾ മുന്നോട്ടുവന്നു. ഇതു പരിഗണിക്കാതെയുള്ള കോടതിവിധി ഖേദകരമണ്. കേന്ദ്രസർക്കാരിന്റെ ഗർഭഛിദ്ര നിയമ ഭേദഗതി പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി വിധി നിയമനിർമാണത്തിന് അനുകൂല സാഹചര്യമായി പരിഗണിക്കരുതെന്നും പാലാരിവട്ടത്തു നടന്ന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.


പ്രൊലൈഫ് സമിതി സംസ്‌ഥാന ഡയറക്ടർ ഫാ. പോൾ മാടശേരി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ, ജനറൽ സെക്രട്ടറി സാബു ജോസ്, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടൻ അഡ്വ. ജോസി സേവ്യർ, സിസ്റ്റർ മേരി ജോർജ്, മാർട്ടിൻ ന്യൂനസ്, സാലു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.