വനിതാ മാധ്യമ പ്രവർത്തകരുടെ പ്രശ്നം വനിതാ കമ്മീഷൻ പരിഗണിക്കും
Tuesday, July 26, 2016 4:17 PM IST
കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അഭിഭാഷക–മാധ്യമ പ്രവർത്തക തർക്കത്തിനിടയിൽ വനിത മാധ്യമ പ്രവർത്തകർക്കുണ്ടായ വിഷമങ്ങൾ വനിതാ കമ്മീഷന്റെ ഫുൾ ബഞ്ചിൽ പരിഗണിച്ചു തീരുമാനമെടുക്കുമെന്ന് കമ്മീഷനംഗം ഡോ. ലിസി ജോസ് വ്യക്‌തമാക്കി. ടിഡിഎം ഹാളിൽ നടന്ന മെഗാ അദാലത്തിനിടയിലാണ് ഇക്കാര്യം അറിയിച്ചത്.

വിദ്യാഭ്യാസപരമായി ഉയർന്നു നിൽക്കുന്ന ഇരുവിഭാഗവും യോജിച്ച് പ്രവർത്തിക്കേണ്ടവരാണ്. എന്നാൽ വനിത മാധ്യമ പ്രവർത്തകർക്ക് ഈ പ്രശ്നങ്ങൾക്കിടയിൽ ചില വിഷമങ്ങൾ ഉണ്ടായത് കമ്മീഷൻ ചർച്ച ചെയ്യും. അവർക്കു സ്വതന്ത്രമായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായെങ്കിൽ അത് ഖേദകരമാണ്. വേണ്ടിവന്നാൽ അവരുടെ മൊഴിയെടുക്കാനും കമ്മീഷൻ തയാറാകുമെന്നും ഡോ. ലിസി പറഞ്ഞു.

കമ്മീഷനു മുന്നിൽ വരുന്ന പരാതികളിൽ സ്ത്രീപീഡനം കൂടുന്നതായാണ് കാണുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമം കുറയണമെങ്കിൽ സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തണം. നിയമ നിർമാണനിർവഹണ രംഗങ്ങളിൽ വനിതകൾക്കു കടന്നുവരാൻ പാകത്തിൽ വനിതാ സംവരണ നിയമം വരേണ്ടതുണ്ട്– അവർ പറഞ്ഞു.


വനിതകളെ ഇന്നും രണ്ടാംകിട പൗരന്മാരായാണ് കാണുന്നതെന്ന് വിമർശനമുണ്ട്. കുടുംബങ്ങളിൽ പോലും ലിംഗ സമത്വമില്ലാത്തതാണ് കേസുകൾ കൂടാൻ കാരണം. ഒരു വർഷം ശരാശരി 7000 കേസുകൾ തീർപ്പാക്കുന്ന വനിതാ കമ്മീഷന് കുറച്ചുകൂടി അംഗീകാരവും അധികാരവും നല്കണമെന്നും ഡോ. ലിസി ജോസ് അഭിപ്രായപ്പെട്ടു.

120 കേസുകൾ ഇന്നലെ പരിഗണിച്ചതിൽ 49 എണ്ണത്തിൽ തീർപ്പാക്കി. 12 എണ്ണം പോലീസിന്റെ റിപ്പോർട്ടിനായി അയച്ചു. നാലു കേസുകൾ കൗൺസലിംഗിനും, ആറു കേസുകൾ ആർഡിഒ റിപ്പോർട്ടിനായും മാറ്റി. വാദിയോ പ്രതിയോ ഹാജരാകാതിരുന്ന 28 കേസുകൾ അടുത്ത തെളിവെടുപ്പിൽ പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.