ടി.ഒ. സൂരജിന്റെ സമ്പാദ്യം: വിജിലൻസ് റിപ്പോർട്ട് ലോകായുക്‌തയിൽ, പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി
ടി.ഒ. സൂരജിന്റെ സമ്പാദ്യം: വിജിലൻസ് റിപ്പോർട്ട് ലോകായുക്‌തയിൽ, പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി
Tuesday, July 26, 2016 4:07 PM IST
തൃശൂർ: പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് വരുമാനത്തെക്കാൾ മൂന്നിരട്ടിയിലധികം സമ്പാദിച്ചതായുള്ള റിപ്പോർട്ട് വിജിലൻസ് ലോകായുക്‌തയ്ക്കു സമർപ്പിച്ചു. പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളത്തിെൻറ ഹർജിയിൽ ലോകായുക്‌ത വിജിലൻസിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ ആവശ്യപ്പെട്ടുള്ള റിപ്പോർട്ടാണ് വിജിലൻസ് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് സ്വീകരിച്ച ലോകായുക്‌ത ജസ്റ്റീസ് പയസ് കുര്യാക്കോസ്, ഉപലോകായുക്‌ത ജസ്റ്റീസ് കെ.പി. ബാലചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 27ലേക്കു മാറ്റി.

അന്വേഷണത്തിെൻറ ആദ്യഘട്ടത്തിൽ കോടികളുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതിനെതുടർന്ന് സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ സർക്കാരിനു കത്ത് നൽകിയിട്ടുണ്ട്.


തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശൂർ ജില്ലകളിലും മംഗലാപുരത്തുമാണ് അനധികൃത സ്വത്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ടിലുള്ളത്. ഇവിടങ്ങളിലെല്ലാം ഭാര്യയുടെയും മൂന്നു മക്കളുടെയും പേരിൽ ഭൂമിയും ഫ്ളാറ്റുകളുമുണ്ട്. ആറ് ആഡംബര കാറുകളും സൂരജിനുണ്ട്.

കൂടാതെ മകന്റെ പേരിൽ മംഗലാപുരത്ത് വേറൊരു ആഡംബര ഫ്ളാറ്റ്, കൊച്ചിയിൽ സ്വന്തം പേരിൽ കോടികൾ വില മതിക്കുന്ന ഭൂമിയും ഗോഡൗണും തുടങ്ങിയവയും കണ്ടെത്തി. തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ 22.62 ലക്ഷം രൂപയും 1513 യുഎസ് ഡോളറും രണ്ട് സിംഗപ്പൂർ ഡോളറും കണ്ടെടുത്തുവെന്നു റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം കൺസ്ട്രക്ഷൻ കോർപറേഷനിൽ വിവിധ ടെൻഡറുകളിൽ ക്രമക്കേട് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.