മാവോവാദികളെന്നു സംശയിച്ചു ദമ്പതികളെ പിടികൂടിയ സംഭവം: ഭർത്താവിനെതിരെ തമിഴ്നാട്ടിൽ നിരവധി കേസുകളെന്നു സൂചന
Tuesday, July 26, 2016 3:58 PM IST
തൃശൂർ: ഒല്ലൂർ മരത്താക്കരയിൽനിന്നു കഴിഞ്ഞദിവസം തമിഴ്നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശികളായ ദമ്പതികളിൽ ഭർത്താവിനെതിരെ തമിഴ്നാട്ടിൽ കൊലക്കേസടക്കം നിരവധി കേസുകളുള്ളതായി സൂചന. സംഭവത്തെക്കുറിച്ച് സംസ്‌ഥാന ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

മാവോയിസ്റ്റ് ബന്ധം സംശയിച്ച് തമിഴ്നാട് സ്വദേശികളും ദമ്പതികളുമായ രാജൻ(55), സുമതി(45) എന്നിവരെ കഴിഞ്ഞ ദിവസമാണ് ക്യൂബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. രാജൻ എന്ന പേരിലാണ് ഇയാൾ താമസസ്‌ഥലത്ത് അറിയപ്പെട്ടിരുന്നതെങ്കിലും മുരുകൻ എന്നും മഹാലിംഗമെന്നും ഇയാൾക്കു പേരുകളുള്ളതായി ഇന്റലിജൻസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കു മാവോവാദികളുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ സംസ്‌ഥാന ഇന്റലിജൻസിനു വിവരമൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞ ഒരു വർഷമായി ഇവർ അത്തരം ഓപ്പറേഷനുകളിൽ ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഇന്റലിജൻസിന്റെ നിഗമനം. ഒല്ലൂർ മരത്താക്കര ശാന്തിനഗർ കോളനിയിൽ കഴിഞ്ഞ ഒരു വർഷത്തോളമായി മൂശാരി ഒളവണ്ണ സുബ്രഹ്മണ്യന്റെ വീട്ടിലെ ഒരു മുറിയിൽ ഇവർ വാടകയ്ക്കു താമസിക്കുന്നുണ്ട്. പരിസരവാസികളുമായി അടുപ്പമൊന്നും ഇല്ലാത്ത ഇവർ കൂലിപ്പണി ചെയ്താണ് ഉപജീവനം കഴിച്ചിരുന്നത്. പണിയുള്ള ദിവസം രാവിലെ ആറിനു വീട്ടിൽ നിന്നും പോകുന്ന ഇവർക്കു മദ്യപാനമോ പുകവലിയോ ഇല്ലായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. അതുകൊണ്ടുതന്നെ സംശയിക്കത്തക്കതായി ഇവരിൽ ഒന്നുമുണ്ടായിരുന്നില്ലത്രെ. 2010 മുതൽ ഇയാളെ കാണാനില്ലെന്ന പരാതി തമിഴ്നാട് പോലീസിനു ലഭിച്ചിരുന്നു. പല കേസുകളിലും ഉൾപ്പെട്ട ഇയാൾ തമിഴ്നാട് വിട്ട് കേരളത്തിൽ ഒളിച്ചുതാമസിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. രണ്ടാഴ്ച മുമ്പ് കോയമ്പത്തൂരിൽനിന്ന് ഒരു സംഘത്തെ തമിഴ്നാട് പോലീസ് പിടികൂടിയിരുന്നു. അവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ക്യൂ ബ്രാഞ്ച് രാജനേയും സുമതിയേയും നിരീക്ഷിച്ചുവരികയായിരുന്നു. തമിഴ്നാട് കോടതിയുടെ വാറന്റോടെയാണ് ക്യൂ ബ്രാഞ്ച് എത്തിയതെന്നും സൂചനയുണ്ട്.


രാജന്റെ കാലിനു ചെറിയ വൈകല്യമുണ്ട്. സുമതിയുടെ കൈവിരലുകൾ മുറിഞ്ഞുപോയതാണ്. എങ്ങനെയാണ് ഇതു സംഭവിച്ചതെന്ന കാര്യത്തിലും വ്യക്‌തതയില്ല. അപകടത്തിൽ പെട്ടാണ് ഇതു സംഭവിച്ചതെന്നാണ് ഇവർ പറഞ്ഞിരുന്നത്.

തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ച് ഇവരെ നിരീക്ഷിച്ച് ഒല്ലൂരിൽ ഒരു മാസത്തോളമായി ക്യാമ്പ് ചെയ്തിരുന്നു. രാജനും സുമതിയും കേരളത്തിലുണ്ടെന്ന വിവരം ലഭിച്ച ക്യൂ ബ്രാഞ്ച് പലയിടത്തും കറങ്ങിയശേഷമാണ് ഒല്ലൂരിലെത്തിയതത്രെ. കോളനിനിവാസികൾക്കു രാജന്റെയും സുമതിയുടേയും ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ തിരിച്ചറിയുകയും വീട് വളഞ്ഞ് ഇവരെ പിടികൂടുകയുമായിരുന്നു.

തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്‌ഥർ വീടുവളഞ്ഞതറിഞ്ഞ് രാജൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.