ഭരണങ്ങാനം ആത്മീയ നിറവിൽ; പ്രധാന തിരുനാൾ നാളെ
ഭരണങ്ങാനം ആത്മീയ നിറവിൽ;  പ്രധാന തിരുനാൾ നാളെ
Tuesday, July 26, 2016 3:58 PM IST
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയാൽ അനുഗ്രഹീതമായ ഭരണങ്ങാനം ആത്മീയനീറവിൽ. തിരുനാളിനു കൊടിയേറിയതു മുതൽ തീർഥാടന കേന്ദ്രത്തിലേയ്ക്ക് അഭൂതപൂർവമായ ഭക്‌തജനപ്രവാഹമാണ് കാണപ്പെടുന്നത്. സഹനത്തിലൂടെ വിശുദ്ധ കിരീടം ചൂടിയ ഭാരതത്തിന്റെ പ്രഥമവിശുദ്ധയുടെ സവിധത്തിൽ പ്രാർഥിക്കുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും അന്യസംസ്‌ഥാനങ്ങളിൽ നിന്നും വിദേശത്തും നിന്നും എത്തുന്ന തീർഥാടകരുടെ എണ്ണം അനുദിനം വർധിക്കുകയാണ്.

നാളെയാണു പ്രധാന തിരുനാൾ. പുലർച്ചെ 4.45 മുതൽ രാത്രി 8.30 വരെ തീർഥാടന ദേവാലയത്തിൽ തുടർച്ചയായി വിശുദ്ധ കുർബാന. രാവിലെ 7.15 ന് തീർഥാടനകേന്ദ്രത്തിൽ നേർച്ചയപ്പം വെഞ്ചിരിപ്പ്. വിശുദ്ധ അൽഫോൻസാ കബറിടത്തിങ്കൽ എത്തുന്ന എല്ലാവർക്കും നേർച്ചയപ്പം വിതരണം ആരംഭിക്കും. 7.30 ന് ഇടവകദേവാലയത്തിൽ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. രാവിലെ 11 ന് ഇടവകദേവാലയത്തിൽ സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകും.


ഉച്ചയ്ക്ക് 12 ന് തിരുനാൾ ജപമാല പ്രദക്ഷിണം. അൽഫോൻസാമ്മയുടെ കബറിടത്തിൽ നിന്നും ആരംഭിക്കുന്ന പ്രദക്ഷിണം വിശുദ്ധയുടെ കാൽപ്പാടുകൾ പതിഞ്ഞ മണ്ണിൽക്കൂടി പ്രാർഥനാപൂർവം ഒഴുകിനീങ്ങുമ്പോൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ അണിചേരാനെത്തും. തീർഥാടകരുടെ സൗകര്യാർഥം വിപുലമായ ഒരുക്കങ്ങളാണ് തീർഥാടനകേന്ദ്രം നടത്തിയിട്ടുള്ളത്.

ഇന്ന് രാവിലെ 11 ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. വൈകുന്നേരം അഞ്ചിന് ഇടവക ദേവാലയത്തിൽ കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം 6.30 ന് മഠം ചാപ്പലിലേയ്ക്ക് ജപമാല മെഴുകുതിരി പ്രദക്ഷിണം നടത്തും. ഫാ. ജോസഫ് പുത്തൻപുര കപ്പൂച്ചിൻ സന്ദേശം നൽകും. തുടർന്ന് തീർഥാടന ദേവാലയത്തിലേയ്ക്കു പ്രദക്ഷിണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.