ദുബായിയിലേക്കു കടത്താൻ കൊണ്ടുപോയ മൂന്നര കിലോ കഞ്ചാവ് പിടികൂടി
ദുബായിയിലേക്കു കടത്താൻ കൊണ്ടുപോയ മൂന്നര കിലോ കഞ്ചാവ് പിടികൂടി
Tuesday, July 26, 2016 3:58 PM IST
കാസർഗോഡ്: ദുബായിയിലേക്കു കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവുമായി രണ്ടുപേരെ ആന്റി നാർകോട്ടിക് സംഘം പിടികൂടി. കാറിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ബേഡകം സ്വദേശി ബി.എച്ച്.അസീസ് (29), ബേക്കൽ സ്വദേശി ഇബ്രാഹിം ഖലീൽ (29) എന്നിവരേയാണ് കാസർഗോഡ് നഗരത്തിലെ ചന്ദ്രഗിരി ജംഗ്ഷനിൽ വച്ച് അറസ്റ്റ് ചെയ്തത്. കാറിലുണ്ടായിരുന്ന ബെണ്ടിച്ചാൽ മൊട്ടയിൽ ഹൗസിലെ ഉമ്മർ ഫാറൂഖ് (20) ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

ഗൾഫിലേക്കു കടത്തുന്നതിനായി മംഗളൂരു വിമാനത്താവളത്തിലേക്ക് കാറിൽ കഞ്ചാവ് കൊണ്ടുപോകുന്നുണ്ടെന്ന രഹസ്യവിവരത്തേ തുടർന്ന് കാസർഗോഡ് എസ്ഐ രഞ്ജിത്ത് രവീന്ദ്രൻ, വിദ്യാനഗർ എസ്ഐ അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചന്ദ്രഗിരി ജംഗ്ഷനിൽ കാത്തുനിൽക്കുന്നതിനിടെ അതുവഴി എത്തിയ കെഎൽ 605 75 നമ്പർ ഫോക്സ്വാഗൺ കാറിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടയിൽ കാറിന്റെ മുൻവശത്തെ സീറ്റിലിരിക്കുകയായിരുന്ന ഉമ്മർ ഫാറൂഖിന്റെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്.


പരിശോധനയ്ക്കിടയിൽ ഉമ്മർ ഫാറൂഖ് പോലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടു. ഉമ്മർ ഫാറൂഖ് ദുബായിയിലേക്ക് രാത്രി 11നുള്ള ജെറ്റ് എയർവേയ്സ് വിമാനത്തിൽ പോകാൻ പുറപ്പെട്ടതാണെന്ന് അറസ്റ്റിലായവർ പോലീസിനോട് പറ ഞ്ഞു. ഉമ്മർ ഫാറൂഖിന്റെ ബാഗിൽനിന്ന് പാസ്പോർട്ട് കോപ്പിയും ദുബായിയിലേക്കുള്ള വിമാന ടിക്കറ്റും കണ്ടെത്തി. ഇയാൾ നേരത്തേ മൂന്നു തവണ ദുബായിയിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് വിമാനത്താവളത്തിലെ പരിശോധനാ സ്ക്രീനിൽ തെളിയാതിരിക്കാൻ കാർബൺ പേപ്പറിൽ പൊതിഞ്ഞിരുന്നു.

യുവാക്കളെ ഇടനിലക്കാരാക്കി ഗൾഫിലേക്ക് ലഹരി വസ്തുക്കൾ കടത്തുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്ഐ ഫിലിപ്പ് തോമസ്, എഎസ്ഐമാരായ കെ.നാരായണൻ, സി.കെ.ബാലകൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ ഓസ്റ്റി ൻ തമ്പി, ലക്ഷ്മിനാരായണൻ, രാജേഷ് എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.