നഴ്സിംഗ് റിക്രൂട്ടിംഗ് തട്ടിപ്പ്: കോട്ടയം സ്വദേശി അറസ്റ്റിൽ
നഴ്സിംഗ് റിക്രൂട്ടിംഗ് തട്ടിപ്പ്: കോട്ടയം സ്വദേശി അറസ്റ്റിൽ
Tuesday, July 26, 2016 3:53 PM IST
തൃശൂർ: അംഗീകാരമില്ലാതെ നഴ്സിംഗ് റിക്രൂട്ടിംഗ് സ്‌ഥാപനം നടത്തി ലക്ഷങ്ങളുടെ തട്ടിപ്പുനടത്തിയ യുവാവിനെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. നായ്ക്കനാൽ എ.ആർ. മേനോൻ റോഡിൽ മച്ചിങ്ങൽ ലെയിനിൽ പ്രവർത്തിക്കുന്ന സ്മാർട്ട് നഴ്സ് ഓവർസീസ് അക്കാദമി ഉടമ കോട്ടയം വിജയപുരം സ്വദേശി ഉള്ളാപ്പള്ളി സജു ജോർജാണ്(45) അറസ്റ്റിലായത്.

2014ൽ ചാലക്കുടി സ്വദേശിനിയിൽനിന്നു രണ്ടരലക്ഷം രൂപയും ചാലക്കുടി സ്വദേശിനിയായ മറ്റൊരു സ്ത്രീയിൽനിന്നു മൂന്നുലക്ഷം രൂപയും തട്ടിയ കേസുകളിലാണ് അറസ്റ്റ്.

ഖത്തറിലേക്ക് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പ്രൊട്ടക്ഷൻ ഓഫ് എമിഗ്രേഷന്റെ അംഗീകാരമില്ലാതെയാണ് കഴിഞ്ഞ അഞ്ചുവർഷമായി സ്‌ഥാപനം പ്രവർത്തിച്ചിരുന്നത്. തട്ടിപ്പിനിരയായവരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ കഴിഞ്ഞ രണ്ടുമാസമായി സ്‌ഥാപനം പൂട്ടിയിട്ടിരിക്കുകയാണ്.


കഴിഞ്ഞദിവസം ഇയാൾ സ്‌ഥാപനത്തിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ചിയ്യാരത്തെ വാടകവീട്ടിൽനിന്നാണ് സജു ജോർജിനെ അറസ്റ്റുചെയ്തത്. നാലുവർഷമായി ഇയാൾ ഇവിടെ താമസം തുടങ്ങിയിട്ട്.

പ്രതിയെ സ്‌ഥാപനത്തിലെത്തിച്ച് തെളിവെടുപ്പു നടത്തി. തൃശൂരിൽനിന്ന് ഏകദേശം 10 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയതായി പരാതി വന്നിട്ടുണ്ടെന്നും വളാഞ്ചേരി സ്റ്റേഷനിൽ പ്രതികൾക്കെതിരെ ഇത്തരം തട്ടിപ്പു കേസുണ്ടെ ന്നും പോലീസ് അറിയിച്ചു.

ഈസ്റ്റ് എസ്ഐ ലാൽകുമാർ, അഡീഷണൽ എസ്ഐ മുരളീധരൻ, ഹെഡ് കോൺസ്റ്റബിൾ ഗോപി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.