സ്വാശയ മെഡിക്കൽ പ്രവേശനം: മാനേജ്മെന്റ് സീറ്റിലെ പ്രവേശനം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം
Tuesday, July 26, 2016 3:53 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോഴ്സുകളിൽ മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശന നടപടികൾ വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കണമെന്നു പ്രവേശന മേൽനോട്ട സമിതി അധ്യക്ഷൻ ജസ്റ്റീസ് ജയിംസ്. ഇന്നലെ തിരുവനന്തപുരത്തു വിളിച്ചുചേർത്ത മാനേജ്മെന്റ് പ്രതിനിധികളുടെയും പ്രിൻസിപ്പൽമാരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

മാനേജ്മെന്റ് സീറ്റിലേക്ക് ഓരോ കോളജിനും സ്വന്തം നിലയ്ക്ക് അപേക്ഷ ക്ഷണിച്ചു പ്രവേശനം നടത്താം. അപേക്ഷ ക്ഷണിക്കുന്നത് ഓൺലൈനായിട്ടായിരിക്കണം. കോളജിലെ സീറ്റുകളുടെ എണ്ണവും വെബ്സൈറ്റിൽ വ്യക്‌തമാക്കണം. അപേക്ഷയുടെ അടിസ്‌ഥാനത്തിൽ കൗൺസലിംഗിനായി വിളിക്കുന്ന കുട്ടികളുടെ വിവരവും പ്രവേശനം നൽകിയ കുട്ടികളുടെ വിവരവും പ്രസിദ്ധീകരിക്കണം. പ്രവേശനം നേടിയ കുട്ടികളുടെ റാങ്ക് ഉൾപ്പെടെയുള്ള സമ്പൂർണ വിവരങ്ങൾ പട്ടികയിൽ ഉണ്ടായിരിക്കണം.


പ്രവേശത്തിനായുള്ള പ്രോസ്പെക്ടസ്, ഫീസ് വിവരങ്ങൾ എന്നിവയും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മാനേജ്മെന്റ്, എൻആർഐ സീറ്റുകളിലേക്കുള്ള പ്രവേശനം പൂർണമായും നീറ്റ് റാങ്ക് പട്ടികയിൽ നിന്നായിരിക്കണമെന്ന് കമ്മിറ്റി നിർദേശിച്ചു.

ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ, ബി.എസ്. മാവോജി, ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.നളിനാക്ഷൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.