കോടതിമുറികളിലുൾപ്പെടെ പൊതുജനത്തിനു പ്രവേശനം നിഷേധിക്കരുത്: ഹൈക്കോടതി
കോടതിമുറികളിലുൾപ്പെടെ പൊതുജനത്തിനു പ്രവേശനം നിഷേധിക്കരുത്: ഹൈക്കോടതി
Monday, July 25, 2016 2:00 PM IST
കൊച്ചി: ഹൈക്കോടതിയിൽ കോടതി മുറികളിലുൾപ്പെടെ പൊതുജനങ്ങൾക്കു പ്രവേശനം നിഷേധിക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചു. അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള പ്രശ്നത്തെത്തുടർന്നു സ്വമേധയാ എടുത്ത കേസിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തിൽ. ബി. രാധാകൃഷ്ണൻ, ജസ്റ്റീസ് അനു ശിവരാമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്‌തമാക്കിയത്.

ഹൈക്കോടതി പരിസരത്തും സമീപത്തെ റോഡുകളിൽ 200 മീറ്റർ പരിധിയിലും പ്രകടനം നടത്തുന്നതും സംഘം ചേരുന്നതും നിരോധിച്ചിട്ടുണ്ട്. അതിക്രമങ്ങൾ നിമിത്തം കോടതി നടപടി തടസപ്പെടുന്നില്ലെന്നു പോലീസ് ഉറപ്പാക്കണം. കോടതിക്കകത്തും പുറത്തും ഈ ഉത്തരവിനു വിരുദ്ധമായി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പോലീസിന് ഇടപെടാം. ഹൈക്കോടതിയിലേക്ക് ആര് അതിക്രമിച്ചു കടക്കുന്നതും അടിയന്തരമായി തടയണം. പൊതുസമൂഹത്തിനു കോടതിയിൽനിന്ന് നേടേണ്ട കാര്യങ്ങളുടെ തടസമാകുന്ന ഏതു കടന്നുകയറ്റത്തെയും പോലീസ് ചെറുക്കണം. കോടതികളിൽ ക്രമസമാധാനപാലനം ഉറപ്പാക്കുന്നതോടൊപ്പം നീതി ലഭ്യമാക്കാനുള്ള നടപടികൾക്കു തടസമുണ്ടാകാതെ നോക്കുകയെന്നതും പോലീസിന്റെ പ്രാഥമിക കർത്തവ്യമാണ്.


പൊതുഖജനാവിലെ പണം ചെലവിട്ടു സാധാരണക്കാരന്റെ വിയർപ്പുകൊണ്ടു കെട്ടിയുയർത്തിയ ഹൈക്കോടതി മന്ദിരം കേവലമൊരു സ്മാരകമല്ല. പൊതുസമൂഹത്തിന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും പ്രതിധ്വനിക്കുന്ന സ്‌ഥലംകൂടിയാണ്. പുതിയ ഹൈക്കോടതി കെട്ടിടവും പരിസരവും മാത്രമല്ല, സമീപത്തെ രാം മോഹൻ പാലസ്, അഡ്വക്കറ്റ് ജനറൽ ഓഫീസ്, അഭിഭാഷകർ ഉപയോഗിക്കുന്ന കെട്ടിടം, ഇവിടങ്ങളിലേക്കുള്ള വഴികൾ തുടങ്ങിയവയൊക്കെ ജുഡീഷൽ നിയന്ത്രണത്തിലാണ്.

പൊതുജനങ്ങൾക്കു ഭീതി കൂടാതെ സംസ്‌ഥാനത്തെ ഉയർന്ന നീതിപീഠത്തെ സമീപിക്കാൻ കഴിയണം. വ്യക്‌തിയോ കൂട്ടായ്മയോ അതിക്രമങ്ങൾ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതു പോലീസ് സേനയാണ്. ഡിജിപിയുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്‌ഥർ ഇതുറപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിന്റെ അന്തഃസത്ത പൊതുജനങ്ങളിലേക്കെത്താൻ ഹൈക്കോടതി രജിസ്ട്രാർ രണ്ട് ഇംഗ്ലീഷ് ദിനപത്രങ്ങളിലും ആറു മലയാളം പത്രങ്ങളിലും സർക്കാർ ചെലവിൽ ഉത്തരവ് പ്രസിദ്ധീകരിക്കണമെന്നും ജുഡീഷൽ ആവശ്യങ്ങൾക്ക് അനുവദിച്ച പണം ഇതിനായി ചെലവഴിക്കരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.