ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്: പോലീസുകാർ റിമാൻഡിൽ
Monday, July 25, 2016 2:00 PM IST
തൃപ്പൂണിത്തുറ: ഹിൽപാലസ് മ്യൂസിയം കാണാനെത്തിയ പെൺകുട്ടിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി 4,000 രൂപ തട്ടിയെടുത്തെന്ന കേസിൽ കീഴടങ്ങിയ മ്യൂസിയം സെക്യൂരിറ്റി വിഭാഗത്തിലെ രണ്ടു പോലീസുകാരെ റിമാൻഡ് ചെയ്തു. പട്ടണക്കാട് സ്വദേശി രാജേഷ്, എടയ്ക്കാട്ടുവയൽ സ്വദേശി അനീഷ് എന്നിവരെയാണ് ഇന്നലെ തൃപ്പൂണിത്തുറ കോടതി റിമാൻഡ് ചെയ്തത്.

മ്യൂസിയം സന്ദർശിക്കാനെത്തിയ ഇരുവരെയും സമീപിച്ച്, നിരീക്ഷണ കാമറയിൽ നിങ്ങളുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടെന്നും ഇവ വീട്ടുകാരെ കാണിക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയാണു സെക്യൂരിറ്റി ജീവനക്കാർ പണം ആവശ്യപ്പെട്ടത്. കൈയിലുള്ളതും എടിഎമ്മിൽനിന്നെടുത്ത അച്ഛന്റെ പണവും ചേർത്താണു പെൺകുട്ടി 4,000 രൂപ പോലീസുകാർക്കു നൽകിയത്. പണം എടുത്ത വിവരം അച്ഛനറിഞ്ഞെന്നു മനസിലാക്കിയ പെൺകുട്ടി വീട്ടിൽ പോകാതെ ഇടുക്കിയിലെ ബന്ധുവീട്ടിലേക്കു പോകുകയായിരുന്നു.


തുടർന്നു പെൺകുട്ടിയെ കാണാനില്ലെന്നു പരാതിപ്പെട്ട് അച്ഛൻ ചോറ്റാനിക്കര സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണം ഊർജിതമായപ്പോൾ പോലീസുകാർ ഒളിവിൽ പോവുകയും ഹൈക്കോടതിയിൽനിന്നു മുൻകൂർ ജാമ്യത്തിനു ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, കോടതി ജാമ്യാപേക്ഷ തള്ളി. ഇതേത്തുടർന്നു ഞായറാഴ്ച വൈകുന്നേരം തൃപ്പൂണിത്തുറ സിഐ ഓഫീസിലെത്തി പ്രതികൾ കീഴട ങ്ങുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.