നിയമവിരുദ്ധ സന്ദർശനം: പിഎസ്സി മുൻ അഡീഷണൽ സെക്രട്ടറിക്കെതിരേ നടപടി
Monday, July 25, 2016 2:00 PM IST
തിരുവനന്തപുരം: പിഎസ്സി മുൻ അഡീഷനൽ സെക്രട്ടറിയായിരുന്ന കെ.ജി. പ്രദീപ് കുമാർ കോഴിക്കോട് മേഖലാ ഓഫിസിൽ ദുരൂഹസാഹചര്യത്തിൽ സന്ദർശനം നടത്തിയ സംഭവത്തിൽ അദ്ദേഹത്തിനെതിരേ നടപടി വേണമെന്ന് ഇന്നലെ ചേർന്ന പിഎസ്സി യോഗത്തിൽ ആവശ്യം. പിഎസ്സിയുടെ ഔദ്യോഗികവാഹനത്തിൽ നിയമവിരുദ്ധമായി സന്ദർശനം നടത്തിയ പ്രദീപിനെതിരേ ക്രിമിനൽ കേസെടുക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു.

റിട്ടയേർഡ് ഉദ്യോഗസ്‌ഥനെ ഔദ്യോഗിക കാറിൽ കൊണ്ടുപോയ മേഖലാ ഓഫീസറും വീഴ്ചവരുത്തി. ഇക്കാര്യത്തിൽ ശക്‌തമായ നടപടി വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, മേഖലാ ഓഫിസറോടു വിശദീകരണം ആവശ്യപ്പെട്ടതിനുശേഷം തുടർനടപടികളിലേക്ക് കടക്കാമെന്നായിരുന്നു ചെയർമാന്റെ നിലപാട്. ചർച്ചകൾക്കൊടുവിൽ അംഗങ്ങൾ ഈ നിർദേശത്തിന് വഴങ്ങി.


കഴിഞ്ഞയാഴ്ചയാണ് പിഎസ്സിയുടെ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന്റെ നിർമാണം നടക്കുന്ന കോഴിക്കോട് മേഖലാ ഓഫീസിൽ കെ.ജി. പ്രദീപ് കുമാർ സന്ദർശനം നടത്തിയത്. ചെയർമാന്റെ നിർദേശപ്രകാരമാണ് സന്ദർശനം നടത്തുന്നതെന്ന് ഉദ്യോഗസ്‌ഥരെ അറിയിച്ച പ്രദീപ് കുമാർ തൊഴിലാളികൾക്ക് നിർദേശങ്ങളും നൽകി. പിഎസ്സിയുടെ ഔദ്യോഗിക കാറിൽ മേഖലാ ഓഫീസറോടൊപ്പമായിരുന്നു സന്ദർശനം നടത്തിയത്. സംഭവം വിവാദമായതിനെത്തുടർന്ന് ജീവനക്കാരുടെ സംഘടനകൾ പിഎസ്സി അംഗങ്ങൾക്കും ചെയർമാനും പരാതി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.