കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ വ്യാപക ക്രമക്കേട്
Monday, July 25, 2016 12:39 PM IST
കോഴിക്കോട്: തടമ്പാട്ടുതാഴത്തെ കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പച്ചക്കറി മൊത്തവിതരണ കേന്ദ്രത്തെ മികവുറ്റ കേന്ദ്രമാക്കി മാറ്റുന്നതിന്റെ സാധ്യതകൾ പഠിക്കാനെത്തിയതായിരുന്നു അദ്ദേഹം. എന്നാൽ, താൻ കണ്ട കാഴ്ചകൾ ഞെട്ടിക്കുന്നതാണെന്നു പിന്നീട് കോഴിക്കോട് പ്രസ് ക്ലബിൽ ത്തിയ മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.

25 ഏക്കറിൽ പ്രവർത്തിക്കുന്ന കേന്ദ്രം കർഷകർക്കു പ്രയോജനം കിട്ടുന്ന രീതിയിലല്ല പ്രവർത്തിക്കുന്നത്. കേന്ദ്രത്തിലെ 100 മുറികളിൽ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം ലേലത്തിൽ പോയിട്ടുണ്ട്, എന്നാൽ, ഇവയിലൊന്നു പോലും കർഷകർക്കു ലഭിച്ചതായി കാണുന്നില്ല.

കാർഷിക ഉത്പന്നങ്ങളുടെ മൊത്തവിതരണത്തിനായി തുടങ്ങിയ കേന്ദ്രത്തിൽ ടൈൽസിന്റെ ഹോൾസെയിൽ സ്‌ഥാപനം നടത്തുകയാണ്. കൃഷിവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ അന്യസംസ്‌ഥാനത്തുനിന്നുള്ള മൊത്തവിതരണക്കാരുടെ പച്ചക്കറികൾ മാത്രമാണുള്ളത്. ഇവിടേക്കു കർഷകർ എത്തുന്നില്ല.

ഹോർട്ടികോർപ്പ് അന്യസംസ്‌ഥാനങ്ങളിൽനിന്ന് അത്യാവശ്യത്തിന് പച്ചക്കറി വാങ്ങുന്നതിന് സർക്കാർ എതിരല്ല. എന്നാൽ, പ്രാദേശികമായി ലഭിക്കാനുളള സാധ്യതയ്ക്കു ശ്രമിക്കാതെ കൂടൂതൽ പച്ചക്കറികൾക്കും അന്യസംസ്‌ഥാനങ്ങളെ ആശ്രയിക്കുന്നുണ്ട്.

ഇങ്ങനെ വാങ്ങുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണം. കർഷകരുടെ പച്ചക്കറി വാങ്ങി സൂക്ഷിക്കാനുള്ള എല്ലാ സജ്‌ജീകരണങ്ങളും കേന്ദ്രത്തിലുണ്ട്. എന്നാൽ, ഇതേക്കുറിച്ചൊന്നും കർഷകർക്ക് അറിയില്ല. ഉദ്യോഗസ്‌ഥർ ഇത്തരം കാര്യങ്ങൾ കർഷകരെ അറിയിച്ചിട്ടുമില്ല. കേന്ദ്രത്തിലുള്ള സൗകര്യങ്ങൾ കർഷകർ അറിയാത്തതിനാലാണ് ഇവിടേക്കു പച്ചക്കറിയുമായി അവർ എത്താത്തതെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി കേട് വരാതെ സൂക്ഷിക്കാൻ കഴിയുന്ന അഞ്ച് കോൾഡ് സ്റ്റോറേജുകളുണ്ടായിട്ടും അതിന്റെ ഗുണം യഥാർഥ കർഷകർക്കു കിട്ടുന്നില്ല. അഞ്ച് കോൾഡ് സ്റ്റോറേജിലും ഡ്രൈഫ്രൂട്ട്സ് ആണു സൂക്ഷിച്ചിരിക്കുന്നത്. ഡ്രൈഫ്രൂട്ട്സ് എടുത്തു മാറ്റി ഇവിടെ പച്ചക്കറികൾ സൂക്ഷിക്കാനുള്ള നിർദേശം മന്ത്രി നൽകിയിട്ടുണ്ട്.


നാളികേരം കേടുവരാതെ സൂക്ഷിക്കാൻ സ്‌ഥലമുണ്ടായിട്ടും ഇവിടെ അത്തരം നീക്കങ്ങളൊന്നും നടക്കുന്നില്ല. കൊപ്ര ഉണക്കാനുള്ള സ്‌ഥലം പോലും കാട് പിടിച്ചു കിടക്കുന്നു. ഇവിടെ പ്രവർത്തിക്കുന്ന ഹോർട്ടികോർപ് ഓഫീസിനു സൗകര്യമില്ലെന്ന കാരണം പറഞ്ഞു പുതിയ കെട്ടിടം വാടകയ്ക്കെടുത്തു മാറാനിരുന്ന നടപടി മരവിപ്പിക്കാൻ മന്ത്രി ഉത്തരവിട്ടു.

പ്രവർത്തിക്കാത്ത ഓഫീസിനായി മാസം 12,000 രൂപ വാടക നൽകാനുണ്ടാക്കിയ കരാർ റദ്ദ് ചെയ്യണമെന്നും ഉദ്യോഗസ്‌ഥരോടു പറഞ്ഞു. പുതിയ കെട്ടിടത്തിലേക്കു മാറാനുണ്ടാക്കിയ കരാറിനു നഷ്‌ടമായ തുക ഉദ്യോഗസ്‌ഥനിൽനിന്ന് ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആനയാറിൽ കണ്ടതിലും ഭീകരമായ കാഴ്ചയാണ് ഇവിടെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. താൻ പരിശോധന നടത്താൻ വരുമെന്ന് അറിയിച്ചിട്ടും ഇത്രയും ക്രമക്കേടുകൾ കണ്ടെത്തി. ഇവിടെ മിന്നൽ പരിശോധന നടത്തിയിരുന്നെങ്കിൽ കൂടുതൽ ക്രമക്കേടു കണ്ടെത്താമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.