അസ്വാരസ്യങ്ങൾക്കിടെ ഇന്നു യുഡിഎഫ് യോഗം
അസ്വാരസ്യങ്ങൾക്കിടെ ഇന്നു യുഡിഎഫ് യോഗം
Sunday, July 24, 2016 12:53 PM IST
തിരുവനന്തപുരം: ഘടകകക്ഷികൾക്കിടയിലെ അസ്വാരസ്യങ്ങൾക്കിടെ ഇന്നു യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ചേരും. കേരള കോൺഗ്രസ്–എം, ജനതാദൾ–യു, ആർഎസ്പി തുടങ്ങിയ ഘടകകക്ഷികളുമായി ചർച്ച നടത്തി തർക്ക പരിഹാരം ലക്ഷ്യമിട്ടാണ് യുഡിഎഫ് യോഗം ചേരുന്നത്. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലാണ് യോഗം.

ബാർ കോഴ കേസുമായി ബന്ധപ്പെട്ടു കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള തർക്കം പാരമ്യത്തിലാണ്. ഇത് ഒത്തുതീർപ്പാക്കാനായി ഇരു പാർട്ടികളുടെയും നേതാക്കൾ തമ്മിൽ ചർച്ച നടത്താൻ കഴിയുമോ എന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. മുതിർന്ന ഘടകകക്ഷി നേതാവിന്റെ മധ്യസ്‌ഥതയിൽ ചർച്ച നടത്താനുള്ള നീക്കമാണു നടക്കുന്നത്.

ബാർ കോഴ കേസുമായി ബന്ധപ്പെട്ട് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്നു കേരള കോൺഗ്രസിന്റെ മുഖപത്രമായ പ്രതിച്ഛായയിൽ ആരോപണം ഉന്നയിച്ചിരുന്നു. ബാർകോഴ കേസിലെ ഗൂഢാലോചനയും ഇതിൽ കടുത്ത നടപടി സ്വീകരിക്കണമെന്ന നേതാക്കളുടെ അഭിപ്രായവും ചർച്ച ചെയ്യാൻ ഓഗസ്റ്റ് ആദ്യ വാരം കേരള കോൺഗ്രസ് നേതൃത്വം ചരൽക്കുന്നിൽ ക്യാമ്പ് വിളിച്ചുചേർത്തിട്ടുണ്ട്. ഇതിനിടയിലാണ് യുഡിഎഫ് ഉന്നതാധികാര സമിതി ചേരുന്നത്. എന്നാൽ, കേരള കോൺഗ്രസ് യുഡിഎഫ് വിടില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.


നിയമസഭാ തെരഞ്ഞെടുപ്പു പരാജയവുമായി ബന്ധപ്പെട്ടു ജനതാദൾ– യുവും ആർഎസ്പിയും കടുത്ത അമർഷത്തിലാണ്. നേമം സീറ്റിലെ പരാജയത്തിന്റെ പേരിൽ ജെഡി–യു കോൺഗ്രസിനെതിരേ രംഗത്തെത്തിയിരുന്നു. പരാജയത്തിനു കാരണം കോൺഗ്രസാണെന്നും ഇതേക്കുറിച്ച് അന്വേഷിച്ച കെപിസിസി സമിതി റിപ്പോർട്ട് തങ്ങൾക്കു കൈമാറണമെന്നുമാണു ജെഡി–യു ആവശ്യപ്പെടുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്തു മന്ത്രിസഭ എടുത്ത വിവാദ തീരുമാനങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യാതെയാണു കൈക്കൊണ്ടതെന്നു ജെഡി–യു സെക്രട്ടറി ജനറൽ വർഗീസ് ജോർജ് ആരോപിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ സമ്പൂർണ പരാജയം എൽഡിഎഫ് വിട്ടു യുഡിഎഫിലെത്തിയ ആർഎസ്പിയുടെ നേതാക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾക്ക് ഇടയാക്കിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ വിവാദ തീരുമാനങ്ങളാണു പരാജയത്തിന് ഇടയാക്കിയതെന്നും തോൽക്കുന്ന സീറ്റുകളാണ് ആർഎസ്പിക്കു നൽകിയതെന്നും ജനറൽ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡനും ആരോപിച്ചിരുന്നു.

അടുത്ത മാസം ആദ്യം ജില്ലാ ചെയർമാന്മാരെക്കൂടി ഉൾപ്പെടുത്തി സമ്പൂർണ യുഡിഎഫ് യോഗം ചേരാനും തീരുമാനിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.