അഭിഭാഷകർ മാന്യരായിരിക്കണം: അഡ്വ. സി. ശ്രീധരൻ നായർ
Sunday, July 24, 2016 12:53 PM IST
കോഴിക്കോട്: അഭിഭാഷകർ മാന്യരിൽ മാന്യരായിരിക്കണമെന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. സി. ശ്രീധരൻ നായർ. എൻറോൾമെന്റ് സമയത്തു ബാർ കൗൺസിൽ ചെയർമാൻ ഇക്കാര്യം ആവർത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷക ലോകത്തിനു താങ്ങാൻ കഴിയാത്ത സംഭവമാണ് എറണാകുളത്തു നടന്നത്. അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കിയതു മുഴുവനും യുവ അഭിഭാഷകരാണെന്നും അദ്ദേഹം പറഞ്ഞു. ബാർ കൗൺസിൽ ഓഫ് കേരള ജൂണിയർ വെൽഫെയർ കമ്മിറ്റി സംഘടിപ്പിച്ച പ്രഫഷണൽ ഡവലപ്മെന്റ് പ്രോഗ്രാമിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആക്രമണത്തെ സഹനശക്‌തിക്കൊണ്ടു നേരിട്ടു പരിഹാരം കാണുന്നതിൽ എറണാകുളത്ത് വീഴ്ച പറ്റി. അഭിഭാഷകവൃത്തിയുടെ നീതിയും ധർമവും മനസിലാക്കാതെ കാള പെറ്റെന്ന് കേട്ടയുടൻ ചിലർ കയറെടുത്തു. പ്രകോപനമുണ്ടാക്കിയ സാഹചര്യം പൂർണമായും തെറ്റാണെന്നും ശ്രീധരൻ നായർ കൂട്ടിച്ചേർത്തു. ഒരു തുള്ളി വെള്ളംകൊണ്ട് കെടുത്താവുന്ന പ്രശ്നത്തിന് അറബിക്കടലിലെ വെള്ളം മുഴുവൻ ഉപയോഗിക്കേണ്ട അവസ്‌ഥ വന്നു. മുഖ്യമന്ത്രിയും അഡ്വക്കറ്റ് ജനറലും ബാർ കൗൺസിൽ മെമ്പർമാർ ഓരോരുത്തരും അതിനു വേണ്ടി പരിശ്രമിച്ചു. യുവാക്കൾ അഭിഭാഷകവൃത്തിയുടെ ധാർമികത സംബന്ധിച്ചു കൂടുതൽ വായിച്ചു പഠിക്കണം.


കോടതിയിലെത്തിയാൽ മുതിർന്ന അഭിഭാഷകർക്ക് ഇരിക്കാൻ പോലും സ്‌ഥലം നൽകാത്ത വിധത്തിലാണ് യുവ അഭിഭാഷകരുടെ പെരുമാറ്റം. താൻ പ്രാക്ടീസ് ചെയ്തിരുന്നപ്പോൾ കോടതിയുടെ പിൻവശത്തു നിൽക്കാറായിരുന്നു പതിവെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.