അഭിഭാഷകരുടെ അറിവില്ലായ്മ നീതിനിഷേധത്തിനു കാരണമാകും: ജസ്റ്റീസ് ഏബ്രഹാം മാത്യു
Sunday, July 24, 2016 12:53 PM IST
കോഴിക്കോട്: നിയമത്തിന്റെ കാര്യത്തിൽ കൃത്യമായ അറിവ് അഭിഭാഷകർക്കില്ലെങ്കിൽ അതു ജനങ്ങളെ ബാധിക്കുമെന്നു ഹൈക്കോടതി ജസ്റ്റീസ് ഏബ്രഹാം മാത്യു. ബാർ കൗൺസിൽ ഓഫ് കേരള ജൂണിയർ വെൽഫെയർ കമ്മിറ്റി സംഘടിപ്പിച്ച പ്രഫഷണൽ ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഭിഭാഷകരുടെ അറിവില്ലായ്മകൊണ്ടു ജനങ്ങൾക്കു നീതി ലഭിക്കുന്നില്ലെങ്കിൽ അതു കുറ്റകരമാണ്. പുതുതലമുറയിലെ അഭിഭാഷകർക്ക് ഔദ്യോഗിക ഭാഷയായ മലയാളത്തിലും ഇംഗ്ലീഷിലും വേണ്ടത്ര പ്രാവീണ്യമില്ല. എസ്എംഎസ് ഭാഷ പഠിച്ചാണ് ഇവർ വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണില്ലാത്തവൻ ആനയെ കണ്ടതുപോലെയാണ് ഇവർ നിയമങ്ങളെ സമീപിക്കുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട മറ്റു നിയമങ്ങൾ പഠിക്കുന്നില്ല. ഭരണഘടനയുടെ അടിസ്‌ഥാനതത്ത്വങ്ങൾ പോലും അറിയാത്തവരാണു നിയമങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാർ കൗൺസിൽ ഓഫ് ചെയർമാൻ അഡ്വ.ജോസഫ് ജോൺ അധ്യക്ഷതവഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.