സിപിഎം പ്രവർത്തകന്റെ കൊലപാതകം: പോലീസിനെതിരേ കോടിയേരി
സിപിഎം പ്രവർത്തകന്റെ കൊലപാതകം: പോലീസിനെതിരേ കോടിയേരി
Sunday, July 24, 2016 12:53 PM IST
പയ്യന്നൂർ: സിപിഎം പ്രവർത്തകൻ ധനരാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പോലീസ് പ്രതികൾക്കു കൂട്ടുനിൽക്കുകയാണെന്നു പാർട്ടി സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

കൊലപാതകത്തിനു പിന്നിൽ ബിജെപി– ആർഎസ്എസ് നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ട്. ഇവരെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ട ചുമതല പോലീസിനാണ്. എന്നാൽ, ഇവിടെ ഇരകൾക്കു നീതി നടപ്പാക്കുന്നതിനു പകരം പ്രതികൾക്കു കൂട്ടുനിൽക്കുന്ന നിലപാടാണു പോലീസ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ നേതൃത്വത്തിൽ പയ്യന്നൂർ ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മോഹൻഭാഗവത് ആസൂത്രണം ചെയ്ത പരിപാടിയാണു കേരളത്തിൽ ബിജെപി നടത്തുന്നത്. ഇതനുസരിച്ച് അക്രമത്തിനു വന്നാൽ വരമ്പത്തുതന്നെ കൂലി കിട്ടുമെന്നു ബിജെപിക്കാർ മനസിലാക്കണമെന്നും കോടിയേരി പറഞ്ഞു. കോൺഗ്രസിന്റെ ശക്‌തികേന്ദ്രമായിരുന്ന ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾ ബിജെപി കൈപ്പിടിയിലൊതുക്കിയത് അക്രമത്തിലൂടെയാണ്. കേന്ദ്രഭരണവും പണവുമാണ് ഇപ്പോൾ ഇതിനായി ബിജെപി ഉപയോഗിക്കുന്നത്. ഇതിനെ നേരിടാൻ കാലോചിതമായ മാറ്റങ്ങൾ സിപിഎം സ്വീകരിക്കേണ്ടിയിരിക്കുന്നു. പ്രവർത്തകരെ ആക്രമിക്കാൻ വരുന്ന ഒരുത്തനും വന്നപോലെ തിരിച്ചുപോകാൻ പാടില്ലെന്ന സംവിധാനവും കായികക്കരുത്തും നമ്മൾ നേടണമെന്നും കോടിയേരി പറഞ്ഞു.


പാർട്ടിയുടെ ശക്‌തികേന്ദ്രങ്ങളിലെ ഉശിരന്മാരായ പ്രവർത്തകരെ ഇല്ലാതാക്കുകയാണു ബിജെപിയുടെ ലക്ഷ്യം. എൽഡിഎഫ് അധികാരത്തിൽ വന്നശേഷം എട്ടു ജില്ലകളിലായി 42 അക്രമങ്ങളാണു പാർട്ടി പ്രവർത്തകർക്കെതിരേയുണ്ടായത്. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസുപോലും ആക്രമിക്കപ്പെട്ടു. മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും തമ്മിലുണ്ടാക്കിയ ധാരണ തകർത്ത് അക്രമം ആരംഭിച്ചത് ആർഎസ്എസുകാരാണ്. സിപിഎമ്മിന്റെ ശക്‌തമായ ജനകീയ അടിത്തറയാണു ബിജെപി– ആർഎസ്എസ് ശക്‌തികൾക്കു കടന്നുകയറാൻ തടസമെന്ന് അവർ മനസിലാക്കിയിട്ടുണ്ട്. ബിജെപിയുടെ ഗൂഢപദ്ധതിക്കു യുഡിഎഫ് കൂട്ടുനിൽക്കുന്നതായും കോടിയേരി ആരോപിച്ചു.

സി.കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ജയരാജൻ, വി.നാരായണൻ, ടി.ഐ.മധുസൂദനൻ എന്നിവർ സംസാരിച്ചു.

പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തോടെയാണു ബഹുജന കൂട്ടായ്മ ആരംഭിച്ചത്. കൊല്ലപ്പെട്ട ധനരാജന്റെ വീടും അക്രമത്തിനിരയായ കക്കംപാറയിലെ സിപിഎം പ്രവർത്തകരുടെ വീടുകളും കോടിയേരിയുടെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കൾ സന്ദർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.