സിപിഎമ്മിന്റെയും ബിജെപിയുടെയും ശൈലിയല്ല യുഡിഎഫിന്: ഉമ്മൻ ചാണ്ടി
സിപിഎമ്മിന്റെയും ബിജെപിയുടെയും ശൈലിയല്ല യുഡിഎഫിന്: ഉമ്മൻ ചാണ്ടി
Sunday, July 24, 2016 12:53 PM IST
കോഴിക്കോട്: എം.കെ. ദാമോദരൻ വിഷയത്തിൽ കോടതിയിൽ പോയതുകൊണ്ടു ക്രിയാത്മക പ്രതിപക്ഷമായി ബിജെപി മാറുമെന്ന ഭയം യുഡിഎഫിനില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സിപിഎമ്മും ബിജെപിയും സ്വീകരിക്കുന്ന നിലപാടല്ല യുഡിഎഫിന്. യുഡിഎഫിന്റെ ശൈലി വേറെയാണ്. ഒരു സർക്കാർ അധികാരത്തിലെത്തുമ്പോൾ തന്നെ സമരം തുടങ്ങുന്നതു യുഡിഎഫ് ശൈലിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിസിസി ഓഫീസിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്‌ഥാന ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരേ യുഡിഎഫ് ശക്‌തമായ നിലപാടാണു സ്വീകരിച്ചത്. ഭാഗാധാരത്തിന്റെ നികുതി വർധിപ്പിച്ചതു സംബന്ധി ച്ചും നെല്ലിന്റെയും റബറിന്റെയും താങ്ങുവിലയെക്കുറിച്ചും യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾക്കു ധനമന്ത്രി ഇതുവരെ മറുപടി നൽകിയില്ല.

ഭൂരിപക്ഷമുള്ള മുന്നണിക്ക് അവരുടെ ഇഷ്‌ടത്തിനനുസരിച്ചു പദവികൾ നൽകാൻ നിയമനിർമാണം ഉണ്ടാക്കാമെന്നു വി. എസ്. അച്യുതാനന്ദന്റെ പുതിയ പദവി സംബന്ധിച്ച ചോദ്യത്തിന് ഉമ്മൻ ചാണ്ടി മറുപടി നൽകി.

എന്നാൽ, മുൻ മന്ത്രിയായിരുന്ന ദാമോദരൻ കാളാശേരിക്കു വെറുമൊരു കോർപറേഷൻ ചെയർമാൻസ്‌ഥാനം നൽകുന്നതിന് യുഡിഎഫ് സർക്കാർ നിയമനിർമാണം കൊണ്ടുവന്നപ്പോൾ സിപിഎമ്മിന്റെ എംഎൽഎമാർ നിയമസഭയിൽ ഉപയോഗിച്ച ഭാഷ എന്തായിരുന്നുവെന്ന് ഇന്ന് അവർതന്നെ പരിശോധിക്കുന്നതു നന്നാവുമെന്ന് ഉമ്മൻ ചാണ്ടി ഓർമപ്പെടുത്തി.


ചില യുവാക്കൾ ഐഎസിൽ ചേർന്നെന്ന റിപ്പോർട്ടിന്മേലുള്ള അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ടെന്നാണു മനസിലാക്കുന്നത്. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ ഏതെങ്കിലും വിഭാഗത്തെ തീവ്രവാദികളായി ആക്ഷേപിക്കരുത്. അത്തരം പ്രവണതകളെ ഒറ്റക്കെട്ടായി കേരളീയ സമൂഹം ചെറുത്തുതോല്പിക്കും.

കേരള കോൺഗ്രസ്–എം യുഡിഎഫ് വിട്ടുപോകുമെന്നത് മാധ്യമ സൃഷ്‌ടിയാണ്. കഴിഞ്ഞ അഞ്ചുവർഷം നിങ്ങൾ ഇത്തരം എന്തെല്ലാം വാർത്തകൾ കൊടുത്തെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. ആരെയെല്ലാം എവിടേക്കെല്ലാം ക്ഷണിച്ചു. എന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ല.

തന്റെ പാർട്ടി യുഡിഎഫിൽ ഉറച്ചുനിൽക്കുമെന്നു കെ.എം. മാണി തന്നെ വ്യക്‌തമാക്കിയ സാഹചര്യത്തിൽ അത്തരം ചോദ്യം ഉദിക്കുന്നില്ല. മുൻ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരായ വിജിലൻസ് കേസ് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ തീരുമാനങ്ങൾ സംബന്ധിച്ച് ഈ സർക്കാർ പഠിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഒന്നും പുറത്തേക്കു വരുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.