ഉമിത്തീയിൽ ദഹിച്ച്
ഉമിത്തീയിൽ ദഹിച്ച്
Sunday, July 24, 2016 12:43 PM IST
ആർപ്പൂക്കര തൊണ്ണംകുഴി സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം മുട്ടുചിറയിൽ മുരിക്കൻ തറവാട്ടിൽ പേരമ്മയുടെ അടുത്ത് അന്നക്കുട്ടി എത്തി. പേരമ്മ അവളെ മുട്ടുചിറ ഗവൺമെന്റ് സ്കൂളിൽ നാലാം ക്ലാസിൽ ചേർത്തു. സുന്ദരിക്കുട്ടിയായിരുന്നു അവൾ. ലാളിത്യംകൊണ്ടും സൗമ്യമായ പെരുമാറ്റംകൊണ്ടും എല്ലാവരുടെയും മനംകവർന്നു. പള്ളിയിൽ പോകുമ്പോൾ അന്നക്കുട്ടിയെ പേരമ്മ ഒപ്പം കൂട്ടും. കസവുമുണ്ടും കാതിൽ കുണുക്കും കാലിൽ തളയും കഴുത്തിൽ പത്താക്കുമാലയും അണിയിച്ചാണു കൂടെ കൊണ്ടുപോയിരുന്നത്. ചെറുപ്രായത്തിൽ തന്നെ പ്രാർഥനയിലും ത്യാഗപ്രവൃത്തികളിലും അന്നക്കുട്ടി ആനന്ദം കണ്ടെത്തിയിരുന്നു.

പതിമ്മൂന്നു വയസായതോടെ അന്നക്കുട്ടിക്കു വിവാഹാലോചനകൾ വന്നു തുടങ്ങി. പഠിപ്പും സമ്പത്തും നല്ല സ്വഭാവവുമുള്ള ഒരാൾക്ക് അവളെ വിവാഹം ചെയ്തു കൊടുക്കണമെന്നായിരുന്നു പേരപ്പന്റെയും (പൈലോച്ചൻ) പേരമ്മയുടെയും (അന്നമ്മ) ആഗ്രഹം. എന്നാൽ, കന്യാസ്ത്രീയാകണമെന്ന് അന്നക്കുട്ടി നേരത്തേതന്നെ തീരുമാനിച്ചുറപ്പിച്ചിരുന്നു. വിവാഹാലോചനകൾ കൂടുതൽ കൂടുതലായി വന്നത് അവളെ വല്ലാതെ അസ്വസ്‌ഥയാക്കി. എല്ലാറ്റിനും കാരണം തന്റെ സൗന്ദര്യമാണെന്ന് അവൾ കരുതി. അതില്ലാതായാൽ വിവാഹാലോചനകൾ മുടങ്ങുമല്ലോ. ആ കുഞ്ഞുമനസ് കണക്കുകൂട്ടി. തീക്കനൽ മൂടിക്കിടക്കുന്ന ചാരക്കുഴിയിൽ ചാടുകയായിരുന്നു അതിനു കണ്ടെത്തിയ മാർഗം.


വീടിനോടു ചേർന്ന് ഉമി കത്തിക്കുന്ന സ്‌ഥലം അവൾക്കറിയാമായിരുന്നു. വിരൂപയാകുക എന്ന ലക്ഷ്യത്തോടെ അവൾ അവിടെയെത്തി. കാലു വച്ചതേയുള്ളൂ, പൊള്ളലേറ്റ് അവൾ നിലവിളിച്ചു. ഓടിയെത്തിയ പേരമ്മ അന്നക്കുട്ടിയെ വാരിയെടുത്ത് മുറിയിൽ കൊണ്ടുപോയി. കുടമാളൂരിലും

മുട്ടുചിറയിലും മാസങ്ങളോളം ദീർഘിച്ച ചികിത്സയ്ക്കൊടുവിലാണു പൊള്ളൽ കരിഞ്ഞത്. അതോടെ പേരപ്പന്റെയും പേരമ്മയുടെയും മനസ് മാറി.

അന്നക്കുട്ടി ക്ലാരിസ്റ്റ് സഭയിൽ ചേർന്നതിനുപിന്നിൽ മുരിക്കൻ പൈലോച്ചന്റെ സഹോദരൻ ഫാ. ജേക്കബ് മുരിക്കന്റെ സ്വാധീനവുമുണ്ട്. അക്കാലത്ത് ഫാ. ജേക്കബ് മുരിക്കൻ മുട്ടുചിറയിലെ വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഭരണങ്ങാനം പള്ളി വികാരിയായിരുന്ന അദ്ദേഹത്തെ കാണാൻ ക്ലാരിസ്റ്റ് മഠത്തിന്റെ സുപ്പീരിയർ സിസ്റ്റർ ഉർശുലയും മറ്റൊരു സിസ്റ്ററും എത്തി. ആ സമയം, പൈലോച്ചന്റെ മകൻ ലൂക്കാച്ചനൊപ്പം അന്നക്കുട്ടിയും അവിടെയുണ്ടായിരുന്നു. സിസ്റ്റർ ഉർശുലയ്ക്ക് അദ്ദേഹം അന്നക്കുട്ടിയെ പരിചയപ്പെടുത്തി. അവളെ സിസ്റ്റർ മഠത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. പിന്നീട് പിതാവിനൊപ്പം അന്നക്കുട്ടി ഭരണങ്ങാനത്തെത്തി ക്ലാരിസ്റ്റ് മഠത്തിൽ ചേർന്നു.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.