കണക്കു നൽകിയില്ല; വൈദ്യുതിനിരക്കു സ്വമേധയാ പുതുക്കി നിശ്ചയിക്കുമെന്നു റെഗുലേറ്ററി കമ്മീഷൻ
Sunday, July 24, 2016 12:33 PM IST
തിരുവനന്തപുരം: വൈദ്യുതി നിരക്ക് സ്വയം പുതുക്കാനൊരുങ്ങി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. താരിഫ് പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അപേക്ഷയും കണക്കുകളും കെഎസ്ഇബി ലിമിറ്റഡ് ഹാജരാക്കാത്ത സാഹചര്യത്തിലാണു വൈദ്യുതി നിരക്കു സ്വയം പുതുക്കി നിശ്ചയിക്കാൻ റെഗുലേറ്ററി കമ്മീഷൻ ഒരുങ്ങുന്നത്.

കമ്മീഷനു ലഭിച്ച കണക്കുകൾ പ്രകാരം നിലവിലെ വൈദ്യുതി നിരക്കിൽ കുറവു വരാനാണു സാധ്യത. നേരത്തേയുണ്ടാക്കിയ ദീർഘകാല കരാറിനെത്തുടർന്നു കുറഞ്ഞ നിരക്കിലുള്ള വൈദ്യുതിയാണു ബോർഡിനു ലഭിക്കുന്നത്. യൂണിറ്റിനു മൂന്നു രൂപയിൽ താഴെയാണു പുറത്തുനിന്നുള്ള വൈദ്യുതിക്ക് ഈടാക്കുന്നത്. താരിഫ് പുനർ നിർണയവുമായി ബന്ധപ്പെട്ടു കഴിഞ്ഞ വർഷങ്ങളിലെ മുഴുവൻ കണക്കുകളും താരിഫ് പുനർനിർണയ അപേക്ഷയും വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷനു സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ, ഇതുവരെയായി ഇതു സംബന്ധിച്ച ഒരു കണക്കും ബോർഡ് സമർപ്പിച്ചിട്ടില്ല. കമ്മീഷൻ സ്വമേധയാ താരിഫ് നിർണയിക്കുന്നതുമായി ബന്ധപ്പെട്ട പൊതു തെളിവെടുപ്പ് 27നു വെള്ളയമ്പലത്തെ കമ്മീഷൻ ഓഫീസിൽ നടത്തും. താത്പര്യമുള്ളവർക്കു തെളിവു നൽകാം. ഉപയോക്‌താക്കൾക്കും പൊതുജന ങ്ങൾക്കും സ്‌ഥാപനങ്ങൾക്കുമുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്താനും അവസരമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.