വിശുദ്ധ അൽഫോൻസാ സന്നിധിയിൽ ആദ്യാക്ഷരം കുറിക്കുന്നത് അനുഗ്രഹപ്രദം
വിശുദ്ധ അൽഫോൻസാ സന്നിധിയിൽ ആദ്യാക്ഷരം കുറിക്കുന്നത് അനുഗ്രഹപ്രദം
Sunday, July 24, 2016 12:33 PM IST
കോട്ടയം: കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന വ്യക്‌തിയായിരുന്നു വിശുദ്ധ അൽഫോൻസാമ്മ. അൽഫോൻസാമ്മ മരിച്ചതിനുശേഷം കുഴിമാടത്തിൽ ആദ്യം പൂക്കൾ അർപ്പിക്കാനും പ്രാർഥിക്കാനും എത്തിയത് കുട്ടികളായിരുന്നു. 1932ൽ സിസ്റ്റർ എ.ഇ. അന്ന എന്ന ഔപചാരിക നാമത്തിൽ വാകക്കാട് എൽപി സ്കൂളിൽ പഠിപ്പിച്ച അൽഫോൻസാമ്മ അധ്യാപന രംഗത്തുള്ള ഏവർക്കും മാതൃകയുമാണ്. കൊച്ചുകുട്ടികളിൽ അക്ഷരങ്ങൾക്കൊപ്പം ദൈവഭക്‌തിയും ധാർമിക ബോധവും പരിപോഷിപ്പിക്കാൻ അൽഫോൻസാമ്മ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

ദൈവജ്‌ഞാനത്തിന്റെ മാറ്റൊലികൾ തന്റെ ശിഷ്യഗണങ്ങൾക്കു പകർന്നുനൽകുന്നതിൽ അൽഫോൻസാമ്മ എന്ന അധ്യാപിക എപ്പോഴും ശ്രദ്ധ ചെലുത്തിയിരുന്നു. ഗോതമ്പുമണിയുടെയും മുന്തിരിപ്പഴത്തിന്റെയും ഉപമകളിലൂടെയും സുകൃതജപങ്ങളിലൂടെയും നാടൻ ശൈലികളിലൂടെയും സഹനത്തിന്റെ സന്ദേശം അൽഫോൻസാമ്മ കുട്ടികളെ പഠിപ്പിച്ചു.

വിശുദ്ധ അൽഫോൻസാമ്മ അനുഗ്രഹങ്ങൾ ഏറെ നൽകിയിരിക്കുന്നത് കുട്ടികൾക്കാണ്. അതിനാൽ അമ്മയുടെ സവിധേ ആദ്യാക്ഷരം കുറിക്കാനായി നിരവധി പേരാണ് ഓരോ ദിവസ വും എത്തുന്നത്.

എല്ലാ വർഷവും പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ചാണ് ആദ്യാക്ഷരം കുറിക്കൽ ചടങ്ങ് തീർഥാടന കേന്ദ്രത്തിൽ നടത്തുന്നത്. ഈ ദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു നൂറുകണക്കിനു കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാനായി മാതാപിതാക്കളോടൊപ്പം അമ്മയ്ക്കരികെ ഒത്തുചേരുന്നത്. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറമ്പിൽ എന്നിവരും രൂപതയിലെ എല്ലാ വികാരി ജനറാൾമാരും നിരവധി വൈദികരും ആദ്യാക്ഷരം കുറിപ്പിക്കലിനു നേതൃത്വം നൽകുന്നു.

ആളുകളുടെ നിരന്തരമായ ആവശ്യപ്രകാരം ഇപ്പോൾ എല്ലാ ദിവസവും ആദ്യാക്ഷരം കുറിക്കാനുള്ള അവസരം തീർഥാടന കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം 10 മുതൽ 20 വരെ കുട്ടികൾവരെ എഴുത്തിനിരുത്തിന് എത്തുന്നുണ്ട്.


ആദ്യാക്ഷരം കുറിച്ചതിനുശേഷം കുട്ടികൾക്ക് തീർഥാടന കേന്ദ്രത്തിന്റേതായ ഒരു സർട്ടിഫിക്കറ്റും നൽകുന്നുണ്ട്. വിശുദ്ധ അൽഫോൻസാമ്മയുടെ മനോഹരമായ ചിത്രം പതിച്ച സർട്ടിഫിക്കറ്റിൽ കുട്ടികളുടെ പേരും മാതാപിതാക്കളുടെ പേരും ആദ്യാക്ഷരം കുറിച്ച തീയതിയും ഒക്കെ രേഖപ്പെടുത്തി തീർഥാടന കേന്ദ്രത്തിന്റെ മുദ്രണത്തോടെയാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. കുഞ്ഞുങ്ങൾക്ക് അമ്മയുടെ അരികിൽ ആദ്യാക്ഷരം കുറിച്ചത് എപ്പോഴും ഓർമയിൽ സൂക്ഷിക്കാൻ ഈ സർട്ടിഫിക്കറ്റ് പ്രയോജനപ്പെടുന്നുണ്ട്.

ആദ്യാക്ഷരം കുറിക്കൽ സംഗമത്തിനു പുറമേ ഒമ്പതോളം സംഗമങ്ങൾ തീർഥാടന കേന്ദ്രത്തിൽ എല്ലാ വർഷവും നടക്കാറുണ്ട്. മേയ് മാസത്തിൽ സന്യാസാർഥിനികൾക്കുള്ള പ്രാർഥനാദിനം, ജൂണിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ സംഗമം, ഫെബ്രുവരിയിൽ വിവാഹജീവിതത്തിനൊരുങ്ങുന്നവർക്കായുള്ള പ്രാർഥനാ സംഗമം, മാർച്ചിൽ മംഗളവാർത്താതിരുനാളും ഗർഭിണികളുടെ സംഗമ പ്രാർഥനയും എല്ലാ രണ്ടാം വെള്ളിയാഴ്ചകളിൽ രോഗീ–വയോജന പ്രാർഥനയും നടന്നുവരുന്നു.

അൽഫോൻസാമ്മയുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 19ന് മൂന്നുവയസുവരെയുള്ള ശിശുക്കളുടെ സംഗമം, ഫെബ്രുവരി മാസത്തിൽ പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർഥികളുടെ സംഗമം, ഒക്ടോബർ 12ന് ലഭിച്ച അനുഗ്രഹങ്ങൾക്ക് കൃതജ്‌ഞത അർപ്പിക്കുന്നവരുടെ സംഗമം, ഡിസംബർ 31ന് വർഷാവസാന പ്രാർഥനയും ജനുവരി ഒന്നിന് വർഷാരംഭ പ്രാർഥനാ സംഗമവും നടന്നുവരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.