കുപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഭരണസമിതി
Sunday, July 24, 2016 12:24 PM IST
കോട്ടയം: പാലാ മാർക്കറ്റിംഗ് സഹകരണസംഘത്തിനെതിരേയുള്ള കുപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഭരണസമിതി അംഗങ്ങൾ. റബർ വ്യാപാര രംഗത്ത് ഇന്ത്യയിലെ ഒന്നാം സ്‌ഥാനത്തുണ്ടായിരുന്ന പാലാ മാർക്കറ്റിംഗിൽ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി താത്കാലികമാണ്.

മറ്റു ബിസിനസുകളിലുമെന്നതുപോലെയുണ്ടാകുന്ന കയറ്റിറക്കങ്ങളിൽ ഒന്നു മാത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധി. കാലാകാലങ്ങളിലുണ്ടായ ഭരണസമിതികൾ നടത്തിയ അഴിമതിയുടെ ഫലമായാണ് പ്രതിസന്ധിയുണ്ടായതെന്ന പ്രചാരണം തെറ്റാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ചില രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചില കേന്ദ്രങ്ങൾ പടച്ചുവിട്ട പ്രചാരണം സൊസൈറ്റിയെ തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ചില ശക്‌തികൾ ഇപ്പോൾ ഏറ്റുപിടിച്ചിരിക്കുന്നതാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്കു പിന്നിലെന്നും ഭരണസമിതിയംഗങ്ങൾ പറഞ്ഞു.

സൊസൈറ്റിയുടെ റബർ ബിസിനസ് മാത്രമാണ് നഷ്ടത്തിലുള്ളത്. റബർ സംഭരണത്തിലുണ്ടായ നഷ്ടമാണ് ഇതിനു കാരണം. സർക്കാർ സഹായം ലഭിച്ചില്ല, തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പ്രതിസന്ധി രൂക്ഷമാക്കി. പുതിയ സർക്കാരിന്റെ റബർ പാക്കേജിൽ പ്രതീക്ഷയുണ്ട്.

സൊസൈറ്റിക്ക് ലാഭമുണ്ടായപ്പോൾ ലഭിച്ച പണം ഉപയോഗിച്ച് കോടിക്കണക്കിനു രൂപയുടെ ആസ്തികൾ പലയിടത്തായി വാങ്ങി. പ്രശ്നം രൂക്ഷമായാൽ ഇത് വിറ്റ് നിക്ഷേപകരുടെ കടം തീർക്കാവുന്നതേയുള്ളു. സൊസൈറ്റിക്ക് എതിരെ വരുന്ന ഏകപക്ഷീയമായ വാർത്തകൾ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാനും സൊസൈറ്റിയെ തകർക്കാനും മാത്രമേ ഉപകരിക്കൂ.


റബർ മേഖലയിൽ പ്രവർത്തിക്കുന്ന ബഹുഭൂരിപക്ഷം സൊസൈറ്റികളും അടച്ചുപൂട്ടലിലേക്ക് പോയപ്പോൾ പിടിച്ചുനിന്നത് പാലാ മാർക്കറ്റിംഗ് മാത്രമാണ്. രാഷ്ട്രീയവും വ്യക്‌തിപരവുമായ വിരോധങ്ങളുടെ പേരിൽ നടക്കുന്ന കുപ്രചാരണങ്ങൾ മൂലം വഴിയാധാരമാകുന്നത് കർഷകരായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

നിക്ഷേപകർക്ക് എല്ലാ മാസവും 15 ദിവസത്തെ പലിശ സമാശ്വാസമെന്ന നിലയിൽ നൽകുന്നുണ്ട്. കൂടാതെ ചികിത്സാ ആവശ്യങ്ങൾക്കും വിവാഹ ആവശ്യങ്ങൾക്കും ചെറിയ തുകയുടെ നിക്ഷേപങ്ങൾ തിരികെ കൊടുക്കുന്നുണ്ട്.

സുതാര്യമായ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി സൊസൈറ്റി പ്രസിഡന്റ് കെ.എസ്. ജയചന്ദ്രൻ, മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ് കെ.സി. ജോസഫ്, ഡയറക്ടർമാരായ പി.കെ. മോഹനചന്ദ്രൻ, സണ്ണി അഗസ്റ്റിൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.