അഞ്ചിടത്തു പുതിയ ഫയർ സ്റ്റേഷനുകൾ: മുഖ്യമന്ത്രി
അഞ്ചിടത്തു പുതിയ ഫയർ സ്റ്റേഷനുകൾ: മുഖ്യമന്ത്രി
Saturday, July 23, 2016 1:41 PM IST
<ആ>സ്വന്തം ലേഖകൻ

വിയ്യൂർ: അഞ്ചിടത്തു പുതിയ ഫയർ സ്റ്റേഷനുകൾ തുടങ്ങുമെന്നും അഗ്നിശമനസേനാ വിഭാഗത്തിന്റെ നവീകരണത്തിനു 39 കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 254 ഫയർമാന്മാർ അടക്കം 281 പേരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീതി കുറഞ്ഞ വഴികളിലൂടെ രക്ഷാപ്രവർത്തനത്തിനു പോകാൻ വീതി കുറഞ്ഞതും ചെറുതുമായ 35 വാഹനങ്ങൾ വാങ്ങും. തൃശൂരിലെ ഫയർ ആൻഡ് റെസ്ക്യൂ അക്കാദമിയിൽ കൂടുതൽ മികച്ച സംവിധാനം ഏർപ്പെടുത്താൻ ഒരു കോടി രൂപയും അനുവദിക്കും.

സെക്രട്ടേറിയറ്റ്, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, അരൂർ, കൊയിലാണ്ടി, കോങ്ങാട് എന്നിവിടങ്ങളിൽ പുതിയ ഫയർ സ്റ്റേഷനുകൾ തുടങ്ങും. നിലവിലുള്ള ജീവനക്കാർക്ക് ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനം നൽകും. പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് അടുത്ത മാസം പരിശീലനം ആരംഭിക്കും.


പാസിംഗ് ഔട്ട് പരേഡുകൾക്കാ യി രണ്ടര ലക്ഷം രൂപ മുൻകൂറായി അനുവദിക്കും. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് എന്ന പേരിനു പകരം അഗ്നിശമന സേനയ്ക്കു കൂടുതൽ നല്ല പേരു വേണമെന്നും അദ്ദഹം പറഞ്ഞു.

ഭയാശങ്കകളോടെ സഹായം അഭ്യർഥിച്ചു വിളിക്കുന്നവരോടു മാന്യമായി പെരുമാറണമെന്നും അതിവേഗത്തിൽ സഹായം എത്തി ക്കുന്നതിൽ വീഴ്ച വരുത്തരു തെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

കോഴിക്കോട് സ്വദേശി സി. അഖിൽ, തിരുവനന്തപുരം സ്വദേശി എസ്. സനൽകുമാർ, പാലക്കാട് സ്വദേശി ഐ. മുകേഷ് എന്നിവർക്കു മികവിനുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു.

അഗ്നിശമന സേനാംഗങ്ങളുടെ വിവിധ അഭ്യാസ പ്രകടനങ്ങളും അരങ്ങേറി. ഡയറക്ടർ ജനറൽ എം.ജി. രാജേഷ്, ടെക്നിക്കൽ വിഭാഗം ഡയറക്ടർ ഇ.ബി. പ്രസാദ്, റൂറൽ എസ്പി നിശാന്തിനി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.