ആരോപണങ്ങൾ അടിസ്‌ഥാനരഹിതം: കെ. ബാബു
ആരോപണങ്ങൾ അടിസ്‌ഥാനരഹിതം: കെ. ബാബു
Saturday, July 23, 2016 1:41 PM IST
കൊച്ചി: ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടു നടത്തിയിട്ടില്ലെന്ന് മുൻ എക്സൈസ് മന്ത്രി കെ. ബാബു. അഴിമതിയാരോപണവും പുറത്തുവരുന്ന വാർത്തകളും ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരേ വിജിലൻസ് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്‌ഥാനമില്ല. എക്സൈസ് കമ്മീഷണറുടെ അധികാരത്തിൽ താൻ കൈകടത്തിയിട്ടില്ല. ലൈസൻസുകൾ നൽകിയതു യുഡിഎഫ് സർക്കാരിന്റെ മദ്യനയം അനുസരിച്ചു മാത്രമാണ്. വ്യക്‌തിപരമായി ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും എല്ലാം മന്ത്രിസഭയുടെ കൂട്ടായ തീരുമാനങ്ങളായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പലപ്പോഴായി മാറ്റിയ സർക്കാരിന്റെ നയം അനുസരിച്ചു മാത്രമാണു താൻ മുന്നോട്ടുപോയത്. അല്ലാതെ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. മന്ത്രി എന്ന നിലയിലെ വിവേചനാധികാരവും ഉപയോഗിച്ചില്ല. ടാക്സ് സെക്രട്ടറി അയച്ച ഫയലുകളിലല്ലാതെ ഒപ്പിട്ടിട്ടുമില്ല. എന്നിരിക്കെ വിജിലൻസ് നീക്കം രാഷ്ട്രീയ പ്രേരിതമാണ്. മുൻകൂട്ടി തയാറാക്കിയ തിരക്കഥയാണ് ആരോപണങ്ങളുടെ പിന്നിൽ, രാഷ്ട്രീയ പകപോക്കലിനു വിജിലൻസ് കൂട്ടുനിൽക്കുകയാണെന്നും ബാബു ആരോപിച്ചു.

പരാതിക്കാരന്റെ ആരോപണങ്ങൾ അതേപടി പകർത്തിയാണു വിജിലൻസ് തനിക്കെതിരേ എഫ്ഐആർ തയാറാക്കിയത്. ഇതിനു പിന്നിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന്റെ പേരിൽ നഷ്‌ടം സംഭവിച്ച ബാറുടമകളടക്കം ഗൂഢാലോചനക്കാർ പലരുണ്ട്. ആരൊക്കെയെന്ന് പിന്നീട് പറയാം. രണ്ടു ദിവസം കൊണ്ടുണ്ടായ തിരക്കഥയാണ് വിജിലൻസ് കേസ്. 19ന് മൊഴിയെടുത്ത് 21ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എഫ്ഐആറിലെ പല ആരോപണങ്ങളും നേരത്തേ ഹൈക്കോടതിയിൽനിന്നു തള്ളിയ പരാതിയിൽ ഉൾപ്പെട്ടതാണെന്നും ബാബു ചൂണ്ടിക്കാട്ടി.


ഓരോ വർഷവും പത്ത് ശതമാനം ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടിയതു ബാറുടമകളുടെ താത്പര്യം കണക്കിലെടുത്താണെന്ന ആരോപണം ശരിയല്ല. ദേശീയപാതയോരത്തുള്ളവ, എതിർപ്പ് നേരിടുന്നവ, പ്രധാന ജംഗ്ഷനിലുള്ളവ, വാടകയ്ക്ക് നൽകിയവരുടെ ആവശ്യം എന്നിവ പരിഗണിച്ചായിരുന്നു പൂട്ടൽ. ചിലതിൽ ജനപ്രതിനിധികളുടെ ആവശ്യം പരിഗണിച്ചു. പരപ്പനങ്ങാടിയിൽ വിദ്യാഭ്യാസമന്ത്രിയുടെ ആവശ്യമാണു കണക്കിലെടുത്തത്. ബാറുകളും ബിയർ പാർലറുകളും അനുവദിച്ചതിൽ മുൻ എക്സൈസ് മന്ത്രി ഗുരുദാസനടക്കം പിന്തുടർന്ന ചട്ടങ്ങളിൽനിന്ന് വ്യതിചലിച്ചിട്ടില്ലെന്നും നയ മാറ്റം മന്ത്രിസഭയാണു തീരുമാനിച്ചതെന്നും ബാബു വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.