പ്രകൃതിയെ തൊട്ടറിഞ്ഞ് വിദ്യാർഥികളുടെ മഴയാത്ര
പ്രകൃതിയെ തൊട്ടറിഞ്ഞ് വിദ്യാർഥികളുടെ മഴയാത്ര
Saturday, July 23, 2016 1:33 PM IST
ചെമ്പേരി: കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്‌താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്ര കൃതിപഠന മഴയാത്ര ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ രണ്ടായിരത്തോളം വിദ്യാർഥികൾക്ക് പുത്തൻ അനുഭവമായി. പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള 25ൽപരം സ്കൂളുകളിൽനിന്നെത്തിയ വിദ്യാർഥികളെ ഉൾപ്പെടുത്തിയാണു വടക്കൻ കേരളത്തിലെ പ്രമുഖ സാഹസിക വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിലേക്കു മഴയാത്ര നടത്തിയത്.

പ്രകൃതിയുടെ സന്ദേശം വിദ്യാർഥികളിൽ പകർന്നുനൽകുകയെന്ന ലക്ഷ്യത്തോടെ‘മൺസൂൺ–2016’ എന്ന പേരിൽ സംഘടിപ്പിച്ച മഴയാത്രയിൽ വിദ്യാർഥികൾക്കൊപ്പം അധ്യാപകരും പങ്കെടുത്തു. പൈതൽമലയുടെ താഴ്വരയിലെ പൊട്ടംപ്ലാവിലുള്ള ഡിടിപിസി ബേസ് ക്യാമ്പിൽനിന്നു രാവിലെ 10.30ഓടെയായിരുന്നു യാത്ര ആരംഭിച്ചത്.

കെ.സി. ജോസഫ് എംഎൽഎ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ഡിടിപിസി സെക്രട്ടറി സജി വർഗീസ്, ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മാത്യു ജോസഫ്, പൊട്ടംപ്ലാവ് സെന്റ് ജോസഫ്സ് ദേവാലയ വികാരി ഫാ. ജോസഫ് പൂന്തോട്ടം, മലയോര വികസനസമിതി കൺവീനർ ജോഷി കണ്ടത്തിൽ, മാട്ടേൽ ഗ്രൂപ്പ് എംഡി ബിനോയ് മാട്ടേൽ, അധ്യാപകരായ ഫിലിപ്പ് ജോസ്, ജോജൻ ജോസഫ്, ജിനിൽ മാർക്കോസ്, മഴയാത്രയുടെ ജനറൽ കൺവീനറും ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ഷാജി വർഗീസ് എന്നിവർ യാത്രയ്ക്കു നേതൃത്വം നൽകി.


സമുദ്രനിരപ്പിൽനിന്നു നാലായിരത്തിലേറെ അടി ഉയരത്തിലുള്ള മലമുകളിലേക്ക് അഞ്ചു കിലോമീറ്റർ ദൂരം പ്രകൃതിഭംഗി നുകർന്നുകൊണ്ടാണു വിദ്യാർഥികൾ നടന്നുകയറിയത്. ഇടയ്ക്കിടെ പെയ്ത മഴയിലും മലമടക്കുകളിൽ ഒളിച്ചുകളിക്കുന്ന കോടമഞ്ഞിന്റെ തണുപ്പിലും പ്രകൃതിയെ അനുഭവിച്ചറിഞ്ഞാണ് ഉച്ചകഴിഞ്ഞു രണ്ടോ ടെ പൈതൽ റിസോർട്ടിനു സമീപം യാത്ര അവസാനിപ്പിച്ചത്.

യാത്രാസംഘത്തിനു മുന്നിലായി സഞ്ചരിച്ച് നാടൻകലാകാരന്മാർ അവതരിപ്പിച്ച വാദ്യമേളങ്ങൾ യാത്രയ്ക്കു താളവും ആവേശവും നൽകി. ഉച്ചഭക്ഷണത്തിനുശേഷം നടന്ന സമാപന സമ്മേളനം ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോസഫ് ഐസക ് ഉദ്ഘാടനംചെയ്തു. മാത്യു ജോസഫ്, സജി വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച ചെമ്പേരി സെന്റ് തോമസ് പബ്ലിക് സ്കൂൾ, യാത്രയിൽ കൂടുതൽ സജീവമായി പങ്കെടുത്ത തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ, പരിസ്‌ഥിതി സൗഹൃദ സന്ദേശം പ്രകടമാക്കിയ പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.