വാട്ടർ മെട്രോ പദ്ധതി നാലു വർഷത്തിനകം: മുഖ്യമന്ത്രി
വാട്ടർ മെട്രോ പദ്ധതി നാലു വർഷത്തിനകം: മുഖ്യമന്ത്രി
Saturday, July 23, 2016 1:33 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: വാട്ടർ മെട്രോ പദ്ധതി നാലു വർഷത്തിനകം പൂർത്തിയാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) നേതൃത്വത്തിൽ നടപ്പാക്കുന്ന വാട്ടർ മെട്രോ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോതാട് തിരുഹൃദയ ദേവാലയാങ്കണത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിർമാണണോദ്ഘാടനം പ്രതീകാത്മകമായി കീലിട്ടാണു മുഖ്യമന്ത്രി നിർവഹിച്ചത്. നാലുവർഷംകൊണ്ട് പൂർത്തിയാകുന്ന തരത്തിൽ നൂതന നാവിക സുരക്ഷ ഉറപ്പാക്കിയ ബോട്ടുജട്ടികളും യാനങ്ങളും ഉൾപ്പെടുത്തിയ 76 കിലോമീറ്റർ ജലഗതാഗത മാർഗ വികസനമാണ് ലക്ഷ്യം. 38 നവീകരിച്ച ജെട്ടികൾ 78 വേഗമേറിയ ബോട്ടുകൾ, കര, റെയിൽ ജലഗതാഗത മാർഗങ്ങളെ സംയോജിപ്പിക്കൽ, വാക്ക് വേകളുടെയും ബോട്ടുജെട്ടികളുടെയും വാണിജ്യ കേന്ദ്രങ്ങളുടെയും സ്‌ഥാപനം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

പദ്ധതി യാഥാർഥ്യമാകുന്നതോടെ കൊച്ചിയുടെ നഗര കേന്ദ്രത്തിലേക്കു സൗകര്യപ്രദമായും സുരക്ഷിതമായും പ്രദേശവാസികൾക്ക് എത്താനാകും. ആഗോള തുറമുഖമെന്ന നിലയിൽ ലോകമെങ്ങും കൊച്ചി അറിയപ്പെടുന്നതിനു പദ്ധതി കാരണമാകും. കൊച്ചി മേഖലയുടെ വികസനത്തെ വലിയ തോതിൽ സ്വാധീനിക്കാനും പ്രദേശത്തുള്ളവരുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്ന വിധത്തിൽ കൂടുതൽ സാമ്പത്തിക അവസരങ്ങൾ തുറന്നുകൊടുക്കാനും അവരുടെ ജീവിതത്തിന്റെ ഗുണമേന്മ വർധിപ്പിക്കാനും പദ്ധതി പ്രയോജനപ്പെടും. ജർമൻ ധനകാര്യ സ്‌ഥാപനമായ ക്രെഡിറ്റൻസ്റ്റാൾട്ട് ഫർ വെദർവബു(കെഎഫ്ഡബ്ല്യു)വിന്റെ സഹകരണത്തോടെയാണ് 747 കോടി രൂപ ചെലവിട്ട് കെഎംആർഎൽ വാട്ടർ മെട്രോ എന്ന പേരിൽ സമഗ്ര ജലഗതാഗത പദ്ധതി നടപ്പിലാക്കുന്നത്.

580 കോടി രൂപ ജർമൻ ധനകാര്യ ഏജൻസിയിൽനിന്നാണു ലഭ്യമാക്കുന്നത്. ഇത്തരമൊരു പദ്ധതിക്കായി വിദേശത്തുനിന്നു ലഭ്യമാകുന്ന ഉയർന്ന ധനസഹായമാണിത്. വിശാല കൊച്ചി മേഖലയുടെ സുസ്‌ഥിര വികസനമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി നമുക്കൊപ്പം പങ്കാളികളാകുന്ന ജർമൻ സർക്കാർ, കെഎഫ്ഡബ്ല്യു എന്നിവരോടുള്ള നന്ദിയും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി സമയോജിതമായി പൂർത്തിയാക്കുന്നതിന് എല്ലാവരുടെയും ഒരേ മനസോടെയുള്ള പ്രവർത്തനമാണ് ആവശ്യം. വാട്ടർ മെട്രോ പദ്ധതി സംസ്‌ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് ഉണർവേകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. വാട്ടർ മെട്രോ പദ്ധതി കൊച്ചിയുടെ മാത്രമല്ല കേരളത്തിന്റെ വികസന ചരിത്രത്തിൽ വലിയ നാഴികക്കല്ലായി മാറട്ടെ എന്ന് കെ.വി. തോമസ് എംപി ആശംസിച്ചു. കായലും കൃഷിരീതികളും നിലനിർത്തി വികസന പ്രവർത്തനങ്ങൾ മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പിലാകുന്നതു കൊച്ചിയുടെയും ദ്വീപ് സമൂഹങ്ങളുടെയും വികസനത്തിന് ഉപകരിക്കുമെന്നും കോതാട് മേഖലയെ പദ്ധതിക്കായി തെരഞ്ഞെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്നും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറയ്ക്കൽ പറഞ്ഞു. കെഎഫ്ഡബ്ല്യു പ്രതിനിധി ഡോ.കെർഡ് ട്രസർ, എംഎൽഎമാരായ എസ്. ശർമ, വി.കെ. ഇബ്രാഹിംകുഞ്ഞ്, വി.ഡി. സതീശൻ, പി.ടി. തോമസ്, ഹൈബി ഈഡൻ, കെ.ജെ. മാക്സി, എം. സ്വരാജ്, മേയർ സൗമിനി ജെയിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം തുടങ്ങിയവർ പങ്കെടുത്തു.കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു മുഖ്യമന്ത്രിക്ക് ഉപഹാരം നല്കി. കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ഏലിയാസ് ജോർജ് സ്വാഗതവും ഡയറക്ടർ ഫിനാൻസ് ഏബ്രഹാം ഉമ്മൻ നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.