സർക്കാർ വിവാദങ്ങളിൽ പെടരുതെന്നു സിപിഐ
സർക്കാർ വിവാദങ്ങളിൽ പെടരുതെന്നു സിപിഐ
Saturday, July 23, 2016 1:25 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിന്റേതു മികച്ച തുടക്കമാണെന്നും വിവാദങ്ങൾ ഉണ്ടാക്കി അതിന്റെ ശോഭ കെടുത്തരുതെന്നും സിപിഐ സംസ്‌ഥാന കൗൺസിലിൽ നേതാക്കൾ.

അഡ്വ.എം.കെ.ദാമോദരനുമായി ബന്ധപ്പെട്ടുയർന്ന വിവാദം മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യംചെയ്ത രീതി തുടക്കത്തിൽ ശരിയായില്ലെന്നു തോന്നിച്ചെങ്കിലും അദ്ദേഹം വിവാദം ഒഴിവാക്കിയ രീതി പക്വതയോടെയായിരുന്നു. മാധ്യമങ്ങൾ വിഷയം വഷളാക്കാൻ നോക്കി. എന്നാൽ, അനാവശ്യ പ്രതികരണങ്ങളൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയും ഉചിതമായെന്നും ദാമോദരൻ വിഷയത്തിൽ സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടും ഇടതുമുന്നണിയ്ക്കു ചേർന്നതായിരുന്നുവെന്നും കൗൺസിലിൽ നേതാക്കൾ പറഞ്ഞു.

സർക്കാരിന്റെയും സിപിഐ മന്ത്രിമാരുടെയും കഴിഞ്ഞ രണ്ടു മാസത്തെ പ്രവർത്തനം പാർട്ടി സംസ്‌ഥാന കൗൺസിൽ വിലയിരുത്തി. ഇതു സംബന്ധിച്ച പാർട്ടി സംസ്‌ഥാന എക്സിക്യുട്ടീവിന്റെ വിലയിരുത്തൽ കാനം രാജേന്ദ്രൻ സംസ്‌ഥാന കൗൺസിലിൽ അവതരിപ്പിച്ചു. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പ്രവർത്തനത്തെ സംസ്‌ഥാന കൗൺസിലും ശ്ലാഘിച്ചു. സർക്കാരുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതു വിഷയവും പാർട്ടി മന്ത്രിമാർ മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ ശ്രദ്ധിക്കണം. ഒപ്പം പാർട്ടിയെയും കാര്യങ്ങൾ ബോധിപ്പിക്കണം. അല്ലാതെ പരസ്പരം വഴക്കിട്ടാൽ സർക്കാരിനും പാർട്ടിക്കും അതു ഗുണകരമാകില്ലെന്നും വിമർശനങ്ങൾ ശ്രദ്ധയോടെ വേണമെന്നും സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.


ഇ.എസ്.ബിജിമോളുടെ വിശദീകരണം ഇടുക്കി ജില്ലാ കൗൺസിൽ ചർച്ചചെയ്തു വേണ്ട നടപടി സ്വീകരിക്കണമെന്ന എക്സിക്യുട്ടീവിന്റെ തീരുമാനം സംസ്‌ഥാന കൗൺസിൽ അംഗീകരിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചേർന്ന കൗൺസിൽ യോഗം അവസാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.