ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ കബറിടത്തിൽ ആയിരങ്ങൾ
ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ കബറിടത്തിൽ ആയിരങ്ങൾ
Saturday, July 23, 2016 1:25 PM IST
കുഴിക്കാട്ടുശേരി: ഒരു നൂറ്റാണ്ടുകാലത്തെ വിശുദ്ധ ജീവിതം വഴി പുത്തൻചിറയേയും കേരളസഭയേയും പ്രശോഭിതമാക്കിയ ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 151–ാം ജന്മദിനം കുഴിക്കാട്ടുശേരി വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ തീർഥാടന കേന്ദ്രത്തിൽ ആചരിച്ചു. ദിവ്യബലിയിലും തുടർന്നുള്ള നേർച്ചയൂണിലും ആയിരങ്ങൾ പങ്കെടുത്ത് അനുഗ്രഹം നേടി.

സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ലാസർ കുറ്റിക്കാടൻ, ഈസ്റ്റ് പുത്തൻചിറ പള്ളി വികാരി ഫാ. ബെന്നി ചെറുവത്തൂർ, മറിയം ത്രേസ്യ തീർഥകേന്ദ്രം പ്രമോട്ടർ ഫാ.ജോസ് കാവുങ്കൽ, ധന്യൻ വിതയത്തിലച്ചന്റെ നാമകരണ നടപടികളുമായി ബന്ധപ്പെട്ട രൂപത ട്രൈബ്യൂണലിന്റെ എപ്പിസ്കോപ്പൽ ഡെലഗേറ്റ് റവ.ഡോ. പോളി പടയാട്ടി, കാനഡയിൽ സേവനം ചെയ്യുന്ന വിതയത്തിൽ കുടുംബാംഗമായ ഫാ. പോൾ വിതയത്തിൽ സിഎംഐ, മേജർ ആർച്ച്ബിഷപ്പിന്റെ സെക്രട്ടറി ഫാ. സെബിൻ കാഞ്ഞിരത്തിങ്കൽ, വിവിധ സന്യാസസമൂഹങ്ങളിലെയും രൂപതയിലെയും മറ്റു വൈദികർ എന്നിവർ സഹകാർമികരായി.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മോൺ. ലാസർ കുറ്റിക്കാടൻ, ഫാ.ബെന്നി ചെറുവത്തൂർ, ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പിരീയർ ജനറൽ മദർ ഉദയ, വിതയത്തിൽ കുടുംബത്തിന്റെ പ്രതിനിധി ജോൺസൺ വർഗീസ് വിതയത്തിൽ എന്നിവർ ഭദ്രദീപം തെളിയിച്ചു.


രണ്ടു വിശുദ്ധാത്മാക്കൾ – വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയും ധന്യൻ ജോസഫ് വിതയത്തിലച്ചനും സുദീർഘമായ പ്രാർഥനയോടും ഉൾക്കാഴ്ചയോടും കൂടെ രൂപം കൊടുത്ത കുടുംബപ്രേഷിത്വതം എന്ന കാരിസം ഇന്നത്തെ ലോകത്തിൽ ഏറെ പ്രധാന്യമർഹിക്കുന്നതാണെന്നു കർദിനാൾ പറഞ്ഞു. ജോസഫ് വിതയത്തിലച്ചനെ ധന്യനായി ഉയർത്തിക്കൊണ്ടുള്ള ഡിക്രി റവ.ഡോ.പോളി പടയാട്ടി ലത്തീനിലും റവ.ഡോ. ക്ലമന്റ് ചിറയത്ത് മലയാളത്തിലും വായിച്ചപ്പോൾ ജനം ഹർഷാരവത്തോടെ സ്വീകരിച്ചു.

സിഎച്ച്എഫ് കൃപാജ്യോതി പ്രോവിൻസിലെ സിസ്റ്റേഴ്സ് രചിച്ച ഒരുമയുടെ താളം എന്ന ഗ്രന്ഥവും ഹോളിഫാമിലി ഓഡിയോ വിഷ്വൽ പ്രസാധനം ചെയ്ത ധന്യം എന്ന സിഡിയുടെ പ്രകാശനകർമവും കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു. മോൺ. ലാസർ കുറ്റിക്കാടൻ സ്വാഗതവും മദർ ഉദയ സിഎച്ച്എഫ് നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.