‘മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഏകീകൃത സിവിൽ നിയമം ആവശ്യം
‘മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഏകീകൃത സിവിൽ നിയമം ആവശ്യം
Saturday, July 23, 2016 1:25 PM IST
കൊച്ചി: മനുഷ്യാവകാശങ്ങൾ മാനിക്കുകയും ഭരണഘടനയുടെ അടിസ്‌ഥാനതത്വങ്ങൾ അംഗീകരിക്കുകയും ചെയ്യുന്ന ഏകീകൃത സിവിൽ നിയമമാണു രാജ്യത്തിന് ആവശ്യമെന്ന് ‘ഇന്ത്യൻ സമൂഹവും ഏകീകൃത സിവിൽ നിയമവും’ എന്ന വിഷയത്തിൽ എറണാകുളം പിഒസിയിൽ നടന്ന സിംപോസിയം ചൂണ്ടിക്കാട്ടി.

കെസിബിസി ഐക്യജാഗ്രത കമ്മീഷനും കേരള കാത്തലിക് ഫെഡറേഷനും സംയുക്‌തമായി നടത്തിയ സിംപോസിയം കെസിഎഫ് പ്രസിഡന്റ് ഷാജി ജോർജ് ഉദ്ഘാടനം ചെയ്തു. ടി.എ. അഹമ്മദ് കബീർ എംഎൽഎ, എം.ജി. സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ്, മാധ്യമപ്രവർത്തകൻ പി. രാജൻ എന്നിവർ വിഷയാവതരണം നടത്തി.

രാഷ്ട്രനിർമാണത്തിൽ പൗരന്മാരുടെ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും സംരക്ഷിച്ചുകൊണ്ടാകണം നിയമ പരിഷ്കരണങ്ങൾ ഉണ്ടാകേണ്ടതെന്നു വി.സി. അഹമ്മദ് കബീർ എംഎൽഎ അഭിപ്രായപ്പെട്ടു. ഭരണഘടനയിലെ അവകാശങ്ങളെ അംഗീകരിക്കുകയും നിർദേശകതത്വങ്ങളെ എതിർക്കുകയും ചെയ്യുന്ന നിലപാട് യുക്‌തിസഹമല്ലെന്ന് ഡോ. സിറിയക് തോമസ് പറഞ്ഞു.


വിശ്വാസപ്രമാണങ്ങളെ ചോദ്യംചെയ്യാത്ത രാജ്യത്തിന്റെ നിയമനിർമാണത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തു മതേതരത്വം നിലനിർത്തുന്നതിനു വ്യക്‌തിനിയമങ്ങളിൽ ഏകീകരണം ആവശ്യമാണെന്നും വ്യക്‌തിനിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്നും മാധ്യമപ്രവർത്തകൻ പി. രാജൻ പറഞ്ഞു.

രാജ്യത്തിന്റെ പൊതുവായ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളും ബഹുസ്വരതയും ദുർബലപ്പെടാതെയുള്ള നിയമനിർമാണങ്ങളാണ് ഉണ്ടാകേണ്ടതെന്നു സിംപോസിയത്തിൽ മോഡറേറ്ററായിരുന്ന കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വർഗീസ് വള്ളിക്കാട്ട് പറഞ്ഞു.

കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ.സാജു കുത്തോടിപുത്തൻപുരയിൽ, കെസിഎഫ് ജനറൽ സെക്രട്ടറി മോൺസൺ കെ. മാത്യു, ട്രഷറർ പ്രഫ.ജോസുകുട്ടി ഒഴുകയിൽ, സെക്രട്ടറി പ്രഷീല ബാബു, കെസിസി സെക്രട്ടറി വി.സി. ജോർജുകുട്ടി, ടോമിച്ചൻ അയ്യർകുളങ്കര എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.