റബർ വിപണിയിൽ വൻ പ്രതിസന്ധിയുണ്ടാകും: ഇൻഫാം
റബർ വിപണിയിൽ വൻ പ്രതിസന്ധിയുണ്ടാകും: ഇൻഫാം
Saturday, July 23, 2016 1:25 PM IST
കൊച്ചി: റബറിന്റെ അന്താരാഷ്ട്രവില കുതിച്ചിട്ടും ആഭ്യന്തരവിപണിയിൽ വില ഉയരാത്തത് ആശങ്കപ്പെടുത്തുന്നുവെന്നും കേന്ദ്രസർക്കാർ ഏർപ്പെട്ടിരിക്കുന്ന ചുങ്കരഹിത ഉടമ്പടികളും സ്വതന്ത്രവ്യാപാരക്കരാറുകളും അഡ്വാൻസ് ഓതറൈസേഷൻ സ്കീമിലൂടെയുള്ള നികുതിരഹിത ഇറക്കുമതിയും വരുംനാളുകളിൽ റബർ വിപണിയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ.വി.സി.സെബാസ്റ്റ്യൻ.

ആഭ്യന്തരവിപണിയിൽ റബർവില ഇടിയുമ്പോൾ രണ്ടുകാരണങ്ങളാണ് ഇക്കാലമത്രയും സർക്കാരും റബർബോർഡും വ്യവസായികളും കർഷകരോട് പറഞ്ഞിരുന്നത്. ഒന്ന്, അന്താരാഷ്ട്രവിപണിയിലെ വിലക്കുറവ്, രണ്ട്, ക്രൂഡോയിലിന്റെ വിലയിടിവ്.

റബറിന് അന്താരാഷ്ട്രമാർക്കറ്റ് അടിസ്‌ഥാനമാക്കുന്നത് ബാങ്കോക്ക് മാർക്കറ്റാണ്. ബാങ്കോക്ക് മാർക്കറ്റിൽ ഇന്ത്യയിലെ ആർഎസ്എസ് നാലിനു തുല്യമായ ആർഎസ്എസ് മൂന്നിന്റെ വില കഴിഞ്ഞ് മൂന്നു ദിവസങ്ങൾക്കുള്ളിൽ കിലോഗ്രാമിന് 12 രൂപ വർധിച്ചു. ജൂലൈ ഒന്നിന് ബാങ്കോക്ക്വില ഒരു കിലോഗ്രാം റബറിന് 118 രൂപയായിരുന്നു.


മൂന്നു ദിവസത്തെ അവധിക്കു ശേഷം 21ന് മാർക്കറ്റ് ആരംഭിച്ചപ്പോൾ 129.5 രൂപയായും 22ന് 131.5 രൂപയായും ഉയർന്നു. സമാനറബറിന് ഇന്ത്യയുടെ ആഭ്യന്തരവിപണിയിൽ ജൂലൈ ഒന്നിനുണ്ടായിരുന്ന 142.50 രൂപ ഇന്ന് 143 രൂപയായി തുടരുന്നു.

വ്യാപാരിവില കിലോഗ്രാമിന് റബർബോർഡ് വിലയേക്കാളും നാല് രൂപ താഴെ. അന്താരാഷ്ട്രവിലയ്ക്ക് ആർഎസ്എസ് നാല് ഗുണമേന്മയുള്ള റബർ ഇറക്കുമതിചെയ്യുന്നുവെന്നവകാശപ്പെടുന്ന വ്യവസായികൾക്ക് ചരക്ക് കടത്തുകൂലിയും ബാങ്കുചാർജും നിലവിലുള്ള ഇറക്കുമതിച്ചുങ്കമായ 25 ശതമാനവുമുൾപ്പെടെ ഒരുകിലോ റബർ വെയർ ഹൗസിലെത്തുമ്പോൾ 180 രൂപയോളമാകുമെന്നിരിക്കെ ആഭ്യന്തരവിലയുയർത്താതെ വിപണിയെ തകർക്കാനുള്ള വ്യവസായികളുടെ ഗൂഢാലോചനകൾക്ക് റബർബോർഡും കേന്ദ്രസർക്കാരും ഒത്താശചെയ്യുകയാണെന്ന് സെബാസ്റ്റ്യൻ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.