കണ്ണൂർ വാഴ്സിറ്റി സിൻഡിക്കറ്റിൽ രാഷ്ട്രീയക്കാരെ കുത്തിത്തിരുകി
Saturday, July 23, 2016 1:19 PM IST
കണ്ണൂർ: ഇടതുസർക്കാർ അധികാരമേറ്റു രണ്ടു മാസം തികയുന്നതിനു മുമ്പേ രാഷ്ട്രീയക്കാരെ കുത്തിത്തിരുകി കണ്ണൂർ സർവകലാശാലാ സിൻഡിക്കറ്റിൽ അഴിച്ചുപണി. സിപിഎമ്മിന്റെയും സിപിഐയുടെയും പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയാണു സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.പി. സന്തോഷ്കുമാർ, മുൻ എംഎൽഎയും സിപിഎം നേതാവുമായ എം. പ്രകാശൻ, കാസർഗോഡ് ജില്ലാ പഞ്ചായത്തംഗവും സിപിഎം നേതാവുമായ വി.പി.പി. മുസ്തഫ എന്നിവരാണു സിൻഡിക്കറ്റിൽ ഇടംനേടിയ രാഷ്ട്രീയ നേതാക്കൾ.

വിദ്യാഭ്യാസ വിദഗ്ധരുടെ പട്ടികയിലാണു മൂന്നുപേരും സ്‌ഥാനം പിടിച്ചിട്ടുള്ളത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ നാമനിർദേശം ചെയ്ത സിൻഡിക്കറ്റിൽ രാഷ്ട്രീയ പാർട്ടി നേതാക്കളായി ആ രും ഉൾപ്പെട്ടിരുന്നില്ല. കോളജ് അധ്യാപകരെ കൂടാതെ സർവകലാശാല അനധ്യാപക തസ്തികയിൽനിന്നു വിരമിച്ച ബാബു ചാത്തോത്ത് മാത്രമായിരുന്നു അന്നത്തെ സിൻഡിക്കറ്റിലുണ്ടായിരുന്നത്.

പതിനൊന്നു പേരെയാണു സർവകലാശാല സിൻഡിക്കറ്റിലേക്കു സർക്കാർ നാമനിർദേശം ചെയ്യുന്നത്. ഇതിൽ രണ്ടു കോളജ് പ്രിൻസിപ്പൽമാരും മൂന്നു കോളജ് അധ്യാപകരും ആറുപേർ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുമായിരിക്കണമെന്നാണു ചട്ടം. ആകെ 22 അംഗങ്ങളാണ് കണ്ണൂർ സർവകലാശാല സിൻഡിക്കറ്റിലുള്ളത്. ഇതിൽ അഞ്ചുപേർ ഗവൺമെന്റ് സെക്രട്ടറിമാരാണ്. വൈസ് ചാൻസലർ, പ്രോ– വൈസ് ചാൻസലർ, സർവകലാശാലാ രജിസ്ട്രാർ എന്നിവരും സിൻഡിക്കറ്റിൽ ഉൾപ്പെടും.


കഴിഞ്ഞ യുഡിഎഫ് സർക്കാർ നിയോഗിച്ച സിൻഡിക്കറ്റിൽ ഉണ്ടായിരുന്ന കൂത്തുപറമ്പ് സ്വദേശി ഡോ.ജോൺ ജോസഫ് പുതിയ സിൻഡിക്കറ്റിലും ഇടം നേടിയിട്ടുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിന്റെ പ്രതിനിധിയായാണു ജോൺ ജോസഫ് വീണ്ടും സിൻഡിക്കറ്റിലെത്തിയത്. നാലാം തവണയാണു ജോൺ ജോസഫ് സിൻഡിക്കറ്റ് അംഗമാകുന്നത്.

കോളജ് പ്രിൻസിപ്പൽമാരുടെ പട്ടികയിൽ മാനന്തവാടി കോളജ് പ്രിൻസിപ്പൽ ബീന സദാശിവൻ, തളിപ്പറമ്പ് കേയീസാഹിബ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ പി.പി. അഷ്റഫ് എന്നിവരാണു സിൻഡിക്കറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. കോളജ് അധ്യാപകരുടെ പട്ടികയിൽ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് അസിസ്റ്റന്റ് പ്രഫസർ ഡോ.വി.എ. വിൽസൺ, കാസർഗോഡ് ഗവ.കോളജ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ അസിസ്റ്റന്റ് പ്രഫസർ എം.സി. രാജു, പയ്യന്നൂർ കോളജ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അസിസ്റ്റന്റ് പ്രഫസർ എ. നിശാന്ത് എന്നിവരാണുള്ളത്. കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളജ് അസോസിയേറ്റ് പ്രഫസർ ഡോ.പി. ഓമന, കണ്ണൂർ എസ്എൻ കോളജ് ഫിസിക്കൽ എഡ്യുക്കേഷൻ അസോസിയേറ്റ് പ്രഫസർ ഡോ. കെ. അജയകുമാർ എന്നിവരും വിദ്യാഭ്യാസ വിദഗ്ധരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

യുഡിഎഫ് ഭരണകാലത്ത് നിയോഗിച്ച മൂന്നു ഡീൻമാരും തത്സ്‌ഥാനത്തു തുടരും. ഇവരെ ഗവർണർ നേരിട്ടാണു നിയോഗിക്കുന്നത്. 2017 ജനുവരി അഞ്ചുവരെയാണ് ഇവരുടെ കാലാവധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.